മതസൗഹാർദവും സാമുദായ സാഹോദര്യവും സംരക്ഷിക്കണം: മാർ ജോർജ് ആലഞ്ചേരി

മതസൗഹാർദവും സാമുദായ സാഹോദര്യവും സംരക്ഷിക്കണം: മാർ ജോർജ് ആലഞ്ചേരി

കൊച്ചി: മതസൗഹാർദവും സാമുദായ സാഹോദര്യവും സംരക്ഷിക്കണമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മതസൗഹാർദത്തിനും സാമുദായിക സാഹോദര്യത്തിനും ഹാനികരമാകുന്ന ചർച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളിൽ കേരളസമൂഹത്തിൽ നടക്കുന്ന സാഹചര്യത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇപ്രകാരം പറഞ്ഞത്.

എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിന് ഒരുവിധത്തിലും കോട്ടം തട്ടാൻ നാം അനുവദിക്കരുത്. വിവിധ മത വിശ്വാസികൾ തമ്മിലുള്ള സാഹോദര്യം നാം മുറുകെപ്പിടിക്കണം മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യങ്ങളിൽപോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തിൽ മുന്നോട്ടു പോകാൻ എല്ലാവരും പരിശ്രമിക്കേണ്ടിയിരിക്കുന്നുയെന്നു അദ്ദേഹം ഓർമിപ്പിച്ചു.

സമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും അവയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും മാറ്റിനിർത്തി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണകൾക്കും ഭിന്നതകൾക്കും വഴിതെളിക്കും. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തിൽ നിന്നും സമാധാനപരമായ സൗഹൃദത്തിലേക്ക് ഏവരും തിരികെ വരികയെന്നതാണ് സുപ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവരോടും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നതാണ് സഭയുടെ എന്നുമുള്ള കാഴ്ചപ്പാട്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കുവാൻ ക്രൈസ്തവസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടിൽ നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാൻ സഭാംഗങ്ങൾ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതിനാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളിൽ എല്ലാ വിവാദങ്ങളും സമാപിച്ച് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാൻ നമുക്ക് പരിശ്രമിക്കാം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായ ശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് നമുക്ക് സർവ്വാത്മനാ സഹകരിക്കാമെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.