വത്തിക്കാന്‍: സേവനത്തിന്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ് 'മഹത്വവും വിജയവും' കൈവരിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.
സാമൂഹിക പദവിയോ ഉദ്യോഗമോ സ്ഥാനമോ സമ്പത്തോ അളന്നല്ല ദൈവം ഓരോരുത്തരുടെയും മഹിമ കണക്കാക്കുന്നതെന്നും സേവനമാണ് ദൈവ ദൃഷ്ടിയില്‍ അതിനുള്ള മാനദണ്ഡമെന്നും ഞായറാഴ്ച ദിവ്യബലിമധ്യേയുള്ള വചന പ്രഘോഷണത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
തങ്ങളില്‍ ആരാണ് വലിയവനെന്ന് യേശുവിന്റെ ശിഷ്യന്മാര്‍ ചര്‍ച്ച ചെയ്യുന്ന സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കി, ദൈവേഷ്ട പ്രകാരമുള്ള സേവന മനോഭാവത്തിന്റെ പ്രാധാന്യം വ്യക്തമാക്കവേ മാര്‍പാപ്പ പറഞ്ഞു: ആരെങ്കിലും ഒന്നാമനാകണമെങ്കില്‍, അവന്‍ അവസാനത്തെയാളും എല്ലാവരുടെയും സേവകനുമാകണം.ഇക്കാര്യം ഉദ്‌ബോധിപ്പിച്ചുകൊണ്ട് യേശു പറഞ്ഞ കഠിനമായ വാക്കുകള്‍ ഇന്നും സാധുവാണ് .
'സേവന'മെന്ന ആശയത്തിന് ആവര്‍ത്തന വിരസതയിലൂടെ ക്ഷീണം സംഭവിച്ചതായി മാര്‍പാപ്പ നിരീക്ഷിച്ചു. പക്ഷേ, അതിന് സുവിശേഷത്തില്‍ കൃത്യവും സുനിശ്ചിതവുമായ അര്‍ത്ഥമുണ്ട്; 'സേവിക്കപ്പെടാനല്ല, സേവിക്കാന്‍്' ലോകത്തിലേക്ക് വന്ന യേശുവിനെപ്പോലെ പ്രവര്‍ത്തിക്കുക എന്നാണ് ഇതിനര്‍ത്ഥം. അതിനാല്‍, യേശുവിനെ അനുഗമിക്കണമെങ്കില്‍, അവന്‍ തന്നെ കണ്ടെത്തിയ 'സേവന പാത' നാം പിന്തുടരണം
കര്‍ത്താവിനോടുള്ള നമ്മുടെ വിശ്വസ്തത സേവിക്കാനുള്ള സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 'എത്രത്തോളം സേവന നിരതരാകുന്നുവോ അത്രത്തോളം ദൈവസാന്നിധ്യം നമുക്കറിയാന്‍ കഴിയും. മറ്റുള്ളവരെ സേവിക്കുമ്പോള്‍, നമ്മള്‍ ദൈവത്തിന്റെ സ്‌നേഹവും ആലിംഗനവും കണ്ടെത്തുന്നു.'കൊച്ചുകുട്ടിയെ ചൂണ്ടിക്കാട്ടിയാണ് ശിഷ്യന്മാരോട് യേശു അവരെപ്പോലെ നിഷ്‌കളങ്കരാകണമെന്നു പറഞ്ഞത്. നിഷ്‌കളങ്കതയുടെ പ്രതീകം മാത്രമല്ല കുട്ടികള്‍. അതിനപ്പുറമായി അവരുടെ എളിമ കൂടി കാട്ടിക്കൊടുത്തുകൊണ്ട്, പകരമായി തിരികെ ഒന്നും നല്‍കാന്‍ കഴിയാത്തത്തത്ര ചെറിയവരെ സേവിക്കണമെന്നുദ്‌ബോധിപ്പിക്കുകയായിരുന്നു ഇതുവഴി. ഏറ്റവും ആവശ്യക്കാരെയും ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ആണ് സ്വാഗതം ചെയ്യേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അവരിലൂടെ സ്വാഗതം ചെയ്യുന്നത് യേശുവിനെത്തന്നെയാണ്.
നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്ക് അതു നല്‍കാന്‍ നമുക്കു ശരിക്കും താല്‍പ്പര്യമുണ്ടോ എന്നു സ്വയം ചോദിക്കണം.അതോ സുവിശേഷത്തിലെ ശിഷ്യരെപ്പോലെ നമ്മുടെ വ്യക്തിപരമായ സംതൃപ്തി തേടുകയാണോ എന്ന് ആത്മശോധന ചെയ്യണം.സുവിശേഷത്തിന്റെ വെല്ലുവിളിക്ക് മറുപടിയായാണിതു ചെയ്യേണ്ടത്.
ഒരു 'കൊച്ചുകുട്ടിക്ക്' വേണ്ടി സമയം സമര്‍പ്പിക്കാന്‍ സന്നദ്ധതയുണ്ടോ? ഒന്നും തിരികെ തരാന്‍ മാര്‍ഗമില്ലാത്ത വ്യക്തിക്കു വേണ്ടി? സേവിക്കുന്നതിലൂടെ നമ്മള്‍ ചെറുതാകില്ല. മറിച്ച് വളരാന്‍ സഹായകമാകുന്നുവെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിക്കണമേയെന്ന് പരിശുദ്ധ ജനനിയോടു പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് മാര്‍പാപ്പ ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.