ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തില്‍ വിജയത്തുടക്കം. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്.
ചെന്നൈ മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സൗരഭ് തിവാരിയുടെ അര്‍ധ സെഞ്ചുറി പാഴായി. ചെന്നൈക്ക് സംഭവിച്ച ബാറ്റിങ് ദുരന്തത്തിന്റെ തനിയാവര്‍ത്തനമായിരുന്നു മുംബൈ ഇന്നിങ്സിലും. മറുപടി ബാറ്റിംഗില്‍ മുംബൈ 9.2 ഓവറില്‍ 58 റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകളും വീണു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കിനെയും(12 പന്തില്‍ 17), അന്മോല്‍പ്രീത് സിംഗിനെയും(14 പന്തില്‍ 16) ദീപക് പുറത്താക്കി. ചെന്നൈക്കായി ബ്രാവോ മൂന്നും ദീപക് രണ്ടും ഹേസല്‍വുഡും ഠാക്കൂറും ഓരോ വിക്കറ്റും നേടി.
അര്‍ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്ക്വാദിന്റെ പ്രകടനമാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ചെന്നൈയെ കരകയറ്റിയത്. 58 പന്തില്‍ 88 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗെയ്ക്ക് വാദിന്റെയും അവസാന ഓവറുകളില്‍ എട്ട് പന്തില്‍ 23 റണ്‍സ് അടിച്ചുകൂട്ടിയ ഡെയിന്‍ ബ്രാവോയുടേയും മികവിലാണ് ചെന്നൈ ഭേദപ്പെട്ട നിലയിലേക്കെത്തിയത്.
24 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഗെയ്ക്ക് വാദ്-ജഡേജ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 റണ്‍സെടുത്ത ജഡേജയെ ബുംറയാണ് പുറത്താക്കിയത്.
പിന്നാലെയെത്തിയ ബ്രാവോ അവസാന രണ്ട് ഓവറുകളില്‍ മൂന്ന് സിക്‌സ് പറത്തി ചെന്നൈ സ്‌കോര്‍ ഉയര്‍ത്തി. ഒരുഭാഗത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും ക്ഷമയോടെ ബാറ്റ് വീശിയ ഗെയ്ക്ക്വാദാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. നാല് സിക്‌സും ഒന്‍പത് ഫോറും അടങ്ങിയതായിരുന്നു ഗെയ്ക്ക്വാദിന്റെ ഇന്നിങ്‌സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.