ന്യുഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബിലെ ഉപമുഖ്യമന്ത്രിമാരെയും ഇന്ന് പ്രഖ്യാപിക്കും. സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവെ, ബ്രഹ്മ് മൊഹീന്ദ്ര എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിംഗ് ചന്നി.
രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്. അതിനിടെ ചന്നിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎല്‍മാര്‍ മാത്രമാണെന്ന വിവരവും പുറത്തു വന്നു.
കൂടുതല്‍ എംഎല്‍എമാര്‍ സുനില്‍ ഝാക്കറെയുടെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് സൂചനകള്‍. അതിനിടെ, അതിര്‍ത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടു മുന്‍പുള്ള സിദ്ദുവിന്റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ഗവര്‍ണ്ണറെ കാണാന്‍ സുഖ് ജിന്തര്‍ സമയം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ ഈ സമയം പുറത്ത് വന്നിരുന്നു. എന്നാല്‍ ചരണ്‍ ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകണമെന്ന വികാരം ശക്തമാണെന്ന് സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.
ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി ആയാല്‍ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നും സിദ്ദു വാദിച്ചു.തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഹരീഷ് റാവത്ത് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അമരീന്ദര്‍സിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തില്‍ സിദ്ദുവിനൊപ്പം ചേരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.