ഫിലാഡെല്‍ഫിയ: കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍ സമിതി ചര്‍ച്ചയില്‍ യു.എസ് പ്രതിനിധിയായി പ്രസംഗിച്ച് കൈയടി നേടി മലയാളി വിദ്യാര്‍ത്ഥിനി. ഫിലാഡെല്‍ഫിയായില്‍ താമസിക്കുന്ന പാലാക്കാരി എയ്മിലിന്‍ തോമസ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രത്യേക പരിചരണം വേണ്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ച് ശ്രദ്ധ നേടിയത്. ശശി തരൂര്‍ എംപി അടക്കം നിരവധി പേര്‍ എയ്മിലിനെ ട്വിറ്റിലൂടെ പ്രശംസിച്ചു.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ കൂടി 17 കാരിയായ എയ്മിലിന്‍ യുഎന്‍ വേദിയില്‍ പങ്കുവച്ചതില്‍ പ്രത്യേക അഭിനന്ദനം അര്‍പ്പിച്ചു കുട്ടികകളുടെ അവകാശത്തിനായുള്ള സമിതിയുടെ ചെയര്‍ പേഴ്‌സണ്‍ മിക്കിക്കോ ഒടാനി.'ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന 'കാര്‍ഡിയോഫാസിയോ ക്യുട്ടേനിയസ് സിന്‍ഡ്രോം' എന്ന അപൂര്‍വ ജനതിക മാറ്റം മൂലം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് എയ്മിലിന്റെ സഹോദരന്‍ ഇമ്മാനുവല്‍ തോമസ്. പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആര്‍ജ്ജിച്ച ജീവിതാനുഭവങ്ങള്‍, എയ്മിലിനെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവതിയും വക്താവുമാക്കി മാറ്റുന്നതിന് വഴിയൊരുക്കി'- മിക്കിക്കോ ഒടാനി പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര സമിതി (സിആര്‍സി) രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൊതു ചര്‍ച്ചാ ദിനം നടത്താറുണ്ട്. അതിന്റെ ഭാഗമായുള്ള ഉദ്ഘാടന യോഗത്തിലാണ് എയ്മിലിന്‍ സംസാരിച്ചത്. കുട്ടികളുടെ അവകാശ സമിതിയുടെ ചെയര്‍മാന്‍, അസോസിയേറ്റ് ഡയറക്ടര്‍, യൂണിസെഫിന്റെ ആഗോള മേധാവി, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച സമിതിയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ഉദ്ഘാടന യോഗത്തിലെ മറ്റ് പ്രഭാഷകര്‍.
സഹോദരന്‍ ഇമ്മാനുവലിനെ പരിചരിച്ച അനുഭവം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന് തനിക്ക് പ്രചോദനമായെന്ന് പ്രഭാഷണത്തില്‍ എയ്മിലിന്‍ വിശദീകരിച്ചു.'പീഡിയാട്രിക് സര്‍ജന്‍ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കുട്ടികകളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളും.' പ്രത്യേക പരിചരണം വേണ്ട കുട്ടികള്‍ക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാവുന്നില്ലെന്നും എയ്മിലിന്‍ പറഞ്ഞു.
'അമേരിക്കയില്‍ താമസിക്കുന്നതിനാല്‍, നല്ല ആരോഗ്യ ഇന്‍ഷുറന്‍സും പ്രത്യേക ആവശ്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കായി മികച്ച പദ്ധതികളും ഉള്ളതിനാല്‍, നമ്മള്‍ വളരെ ഭാഗ്യമുള്ളവരാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അമേരിക്കയിലെ തന്നെ പാവപ്പെട്ട വരുമാനം കുറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന, പ്രത്യേക പരിചരണാവശ്യങ്ങളുള്ളവര്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ലഭ്യമല്ല എന്നത് വസ്തുതയാണ്. ഉയര്‍ന്ന നിലവാരമുള്ള പരിചരണം എല്ലാവര്‍ക്കും ലഭ്യമാകണം. അത് നാം എത്ര പണം സമ്പാദിച്ചാലും, നാം എവിടെ താമസിച്ചാലും,'- എയ്മിലിന്‍ അഭിപ്രായപ്പെട്ടു.
പാലാ അവിമൂട്ടില്‍ ജോസ് തോമസിന്റെയും മൂലമറ്റം കുന്നക്കാട്ട് മെര്‍ലിന്‍ അഗസ്റ്റിന്റെയും മകളാണ് എയ്മിലിന്‍. സ്പ്രിംഗ് ഫോര്‍ഡ് ഏരിയ ഹൈസ്‌കൂളില്‍ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാര്‍മ മേജര്‍ ഫൈസര്‍ ഇന്‍കോര്‍പ്പറേഷനില്‍ ഗ്ലോബല്‍ കംപ്ലയിന്‍സ് അസോസിയേറ്റ് ഡയറക്ടറാണ് മെര്‍ലിന്‍ അഗസ്റ്റിന്‍. ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസം. കേരളത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നു: ജോസ് തോമസ് പറഞ്ഞു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ക്രിയേറ്റീവ് റൈറ്റിംഗ് കോളേജ് ക്രെഡിറ്റ് പ്രോഗ്രാമില്‍ എയ്മിലിന്‍ പങ്കെടുത്തിരുന്നു. ഇംഗ്ലീഷ് അധ്യാപകര്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുമൊപ്പം ഈ കോളേജ്തല കോഴ്‌സില്‍ പങ്കെടുത്ത വളരെ ചെറുപ്പക്കാരിയായ വിദ്യാര്‍ഥിനിയെന്ന നിലയില്‍, പ്രൊഫസര്‍ എയ്മിലിനെ പ്രത്യേകം ശ്രദ്ധിച്ചു.
എയ്മിലിന്‍ സഹോദരന്‍ ഇമ്മാനുവേലിനെക്കുറിച്ച്, ഒരു കവിത എഴുതിയിരുന്നു. ആ കവിത ന്യൂയോര്‍ക്കിലെ അഡെല്‍ഫി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ പ്രൊഫസറായ ഡോ. പവന്‍ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മികച്ചതായി വിലയിരുത്തി.സി ആര്‍ സിയുടെ ചില്‍ഡ്രന്‍സ് അഡൈ്വസറി ടീമിലേക്ക് എയ്മിലിനെ നിര്‍ദ്ദേശിച്ചത് ഡോ. ആന്റണിയാണ്. നാമനിര്‍ദ്ദേശത്തെത്തുടര്‍ന്ന് 19 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള 250 അപേക്ഷകരില്‍ നിന്ന് 30 അംഗങ്ങളില്‍ ഒരാളായി എയ്മിലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ഉപദേശക ടീമിലെ അംഗമായി രണ്ട് വര്‍ഷമായി എയ്മിലിന്‍ പ്രവര്‍ത്തിച്ചു. അങ്ങനെയാണ് യു എന്നിലേക്ക് എയ്മിലിന്‍ തോമസ് നിയുക്തയായത്.
കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റിയിലെ ഉപദേശക സംഘത്തോടൊപ്പം പ്രവത്തിച്ച അനുഭവങ്ങളെക്കുറിച്ച് എയ്മിലിന്‍ ഇങ്ങനെയാണ് വിവരിച്ചത്: 'അത് അതിശയിപ്പിക്കുന്നതായിരുന്നു. പാകിസ്താനില്‍ നിന്നും നേപ്പാളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികളെ ഞാന്‍ കണ്ടുമുട്ടി. ലോകമെമ്പാടുമുള്ള കുട്ടികളോടൊപ്പം സേവനവും ചര്‍ച്ചകളും ആശയങ്ങള്‍ പങ്കുവയ്ക്കലും നടത്തി, അത് മികച്ച അനുഭവമായി എന്ന് ഞാന്‍ കരുതുന്നു.'
കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ കമ്മിറ്റിയിലെ ഉപദേശക സംഘത്തിന്റെ പ്രധാന ലക്ഷ്യം ബദല്‍ പരിചരണത്തിലെ കുട്ടികള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യുക, വിവിധ രാജ്യങ്ങളിലെ പരിചരണ സാധ്യതകള്‍ താരതമ്യം ചെയ്യുക, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കിടയില്‍ സര്‍വേകള്‍ നടത്തുക, കുട്ടികളുടെ സംഘടനകളില്‍ നിന്നുള്ള ആഗോള പ്രഭാഷകരെ തിരിച്ചറിയുക, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യു എന്‍ കമ്മിറ്റിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കി നല്‍കുക എന്നിവയാണ്.
ഈ കഴിഞ്ഞ വേനല്‍ക്കാലത്ത്, ഗവേഷണ സംഘത്തോടൊപ്പം എയ്മിലിന്‍ ലോക പ്രശസ്തമായ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലഡല്‍ഫിയയില്‍ (ചോപ്) ഇന്റേണ്‍ഷിപ്പ് ചെയ്തു.മൗണ്ട് സെന്റ് ജോസഫ് അക്കാഡമി ഹൈസ്‌കൂളില്‍ 'ഓപ്പറേഷന്‍ സ്മൈലി'നായി എയ്മിലിന്റെ നേതൃത്വത്തില്‍ ഒരു ക്ലബ് നടത്തുന്നുണ്ട്. ഇത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സര്‍വീസ് ഓര്‍ഗനൈസേഷനാണ്. 'ലൂമന്‍ വിറ്റെ' എന്ന ആഗോള ചാരിറ്റി സംഘടനയാണ് എമിലിന് സേവന പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടിയായത്.
'എനിക്ക് കേരളം ശരിക്കും ഇഷ്ടമാണ്. എന്റെ കുടുംബത്തെ മുഴുവനും കാണാനും എന്റെ മലയാളം ഭാഷാ വൈദഗ്ധ്യം വീണ്ടെടുക്കാനും കേരളം സഹായിക്കുന്നു. 2019ലെ കേരള സന്ദര്‍ശന വേളയില്‍, ഞാന്‍ കേരളത്തിലെ ചില സ്‌കൂളുകളിലും കോളേജുകളിലും വൈകാരിക ബുദ്ധിയെക്കുറിച്ച് സംസാരിച്ചു. സംസ്ഥാനത്തെ ആത്മഹത്യാ നിരക്കുകളില്‍ നമ്മള്‍ പരിഭ്രാന്തരായതിനാല്‍ ആ വിഷയം തിരഞ്ഞെടുത്തു. ഒരിക്കല്‍ ഇന്ത്യയിലേക്ക് വന്ന് കുട്ടികളെ സഹായിക്കാമെന്ന്
ഞാന്‍ പ്രതീക്ഷിക്കുന്നു'-എയ്മിലിന്‍ പറയുന്നു.
UN Committee on the Rights of the Child Speaker-US Malayali Amilyn Thomas
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.