ന്യുഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ബ്രിട്ടണ്‍. ബ്രിട്ടന്റേത് വംശീയമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് വിമര്‍ശിച്ചു. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിര്‍ദേശങ്ങളില്‍ കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വാക്‌സീനെടുക്കാത്തവര്‍ക്കും ഒരേ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടണില്‍ ഒക്ടോബര്‍ നാല് മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ യാത്രാ നിയന്ത്രണങ്ങളാണ് ആശങ്കയാകുന്നത്. അംഗീകരിച്ച വാക്‌സീനുകളുടെ പുതുക്കിയ പട്ടികയിലും കൊവാക്‌സിനും കൊവിഷീല്‍ഡുമില്ല. കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റെയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. അടുത്ത വര്‍ഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങള്‍ തുടരും. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
ആസ്ട്രസെനകയുടെ വാക്‌സിന്‍ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ ക്വാറന്റൈന്‍ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും ബിസിനസുകാരും ഉള്‍പ്പടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്റെ തീരുമാനം വെല്ലുവിളിയായിരിക്കുകയാണ്.
നേരത്തെ യൂറോപ്യന്‍ യൂണിയന്റെ അംഗീകരിച്ച വാക്‌സീനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഉള്‍പ്പെടുത്താത്തതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാന്‍സ് ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡിനെ അംഗീകരിച്ച വാക്‌സീനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.