മത സൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ വിവിധ സമുദായങ്ങള്‍ ഒന്നിക്കുന്ന പ്രാദേശിക ഫോറങ്ങള്‍ വേണം: ക്ലിമീസ് ബാവ, മുനവ്വറലി ശിഹാബ് തങ്ങള്‍

മത സൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ വിവിധ സമുദായങ്ങള്‍ ഒന്നിക്കുന്ന പ്രാദേശിക ഫോറങ്ങള്‍ വേണം:  ക്ലിമീസ് ബാവ, മുനവ്വറലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: മത സൗഹാര്‍ദ്ദവും സമുദായങ്ങള്‍ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാതിരിക്കാന്‍ വിവിധ സമുദായങ്ങള്‍ ഒന്നിച്ച് ചേരുന്ന പ്രാദേശിക ഫോറങ്ങള്‍ വേണമെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ മത മേലധ്യക്ഷന്‍മാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

നാട്ടില്‍ സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. മത സൗഹാര്‍ദ്ദവും സമുദായങ്ങള്‍ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാന്‍ പാടില്ല എന്നത് കേരളത്തിന്റെ പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യമാണ്. എല്ലാ സംഘടനകളെയും വിളിച്ചു ചേര്‍ത്തുള്ള ചര്‍ച്ചയായിരുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനായിരുന്നു ചര്‍ച്ചയെന്നും ക്ലിമീസ് ബാവ പറഞ്ഞു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയുടെ സാഹചര്യത്തിലാണ് ചര്‍ച്ച എന്നുള്ളത് സത്യമാണ്. പക്ഷേ പാലാ ബിഷപ്പിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നില്ല. സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രസ്താവനയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് വരുമെന്നാണ് അറിയിച്ചത്. എന്ത് കൊണ്ട് വന്നില്ല എന്നറിയില്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.

പ്രാദേശിക തലത്തിലുളളതും സമൂഹ മാധ്യമങ്ങളിലെയും ചേരി തിരിവ് അവസാനിപ്പിക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമവായത്തിലൂടെയുള്ള പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമെന്നും മത മൗലിക വാദികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ലത്തീന്‍ സഭ ആര്‍ച്ചുബിഷപ് സൂസൈ പാക്യം, സി.എസ്.ഐ സഭാ മോഡറേറ്റര്‍ ധര്‍മരാജ് റസാലം, പാളയം ഇമാം വി.പി സുഹൈബ് മൗലവി, സ്വാമി ഗുരു രത്നം ജ്ഞാനതപസി, ഇസ്ലാം മത പണ്ഡിതന്‍ ഹുസൈന്‍ മടവൂര്‍ തുടങ്ങിയ മത മേലധ്യക്ഷന്‍മാര്‍ സംബന്ധിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.