ഹവായിലെ ലോകപ്രശസ്തമായ മലമുകളിലെ നടപ്പാത സര്‍ക്കാര്‍ നീക്കാനൊരുങ്ങുന്നു

ഹവായിലെ ലോകപ്രശസ്തമായ മലമുകളിലെ നടപ്പാത സര്‍ക്കാര്‍ നീക്കാനൊരുങ്ങുന്നു

ഹോണോലുലു: അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിലെ ലോകപ്രശസ്തമായ 'സ്‌റ്റൈയര്‍വേ ടു ഹെവന്‍' എന്ന മലമുകളിലെ നടപ്പാത സര്‍ക്കാര്‍ നീക്കാനൊരുങ്ങുന്നു. അനധികൃതമായ കടന്നുകയറ്റം മൂലമുണ്ടാകുന്ന അപകടങ്ങളും പരിപാലനത്തിലെ അമിതമായ ചെലവുമാണ് ഇതിനു കാരണമായി പറയുന്നത്.



ഈ പടികള്‍ കയറാന്‍ 1987 മുതല്‍ ജനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാലും ധാരാളം പേരാണ് ഇവിടേക്ക് അതിക്രമിച്ച് കടക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നു. ഒടുവില്‍ തങ്ങളുടെ നാടിന്റെ ചരിത്രം പേറുന്ന പടികള്‍ നീക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഹവായിലെ ഈ പടികള്‍ ധാരാളം സഞ്ചാരികളെയാണ് ആകര്‍ഷിച്ചിരുന്നത്. ആകാശത്തിന്റെ കവാടത്തിലേക്കെന്നപോലെ കാല്‍നടയായി കയറിപ്പോകേണ്ട ഈ പടികള്‍ കുത്തനെയുള്ള കയറ്റമാണ്. യു.എസ്എയിലെ ഏറ്റവും പ്രശസ്തമായ മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളില്‍ ഒന്നായാണ് സ്റ്റെയര്‍വേ ടു ഹെവന്‍ അറിയപ്പെടുന്നത്.



1942-ല്‍ യു.എസ് നാവികസേനയാണ് ഈ പടികള്‍ നിര്‍മിച്ചത്. ജപ്പാനിലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് മാസങ്ങള്‍ക്ക് ശേഷം യു.എസ് കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും സന്ദേശങ്ങള്‍ കൈമാറാന്‍ മലമുകളില്‍ ഒരു റേഡിയോ ടവര്‍ ഒരുക്കാനാണ് ഇത് നിര്‍മിച്ചത്. ഓഹുവിന്റെ കിഴക്ക് ഭാഗത്തുള്ള കാനോഹെ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ നടപ്പാതയില്‍ 3922 പടികളാണുള്ളത്. ഇതിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലൂടെയാണ് ആളുകള്‍ ഇവിടേക്കു കയറുന്നത്. ഇത് പ്രദേശവാസികള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഹോണോലുലു സിറ്റി കൗണ്‍സില്‍ ഈ പടികള്‍ നീക്കാന്‍ തീരുമാനിച്ചത്.

സുരക്ഷാ ചെലവുകള്‍ക്കായി വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാറിന് വരുന്നത്. 2003ല്‍ ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പടികള്‍ കയറുമ്പോള്‍ കാല്‍മുട്ടിന് പരുക്കേറ്റ 24 വയസുകാരനെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷിച്ചത്. പടികളിലേക്ക് അതിക്രമിച്ച് കയറുന്നവര്‍ക്ക് നിലവില്‍ 1000 ഡോളര്‍ പിഴയുണ്ട്. ഇത് വകവെക്കാതെയാണ് ആളുകള്‍ ഇങ്ങോട്ടുവരുന്നത്. അതേസമയം, പടികള്‍ പൂര്‍ണമായും നീക്കാതെ കുറച്ചുഭാഗങ്ങള്‍ നിലനിര്‍ത്താനും സാധ്യതയുണ്ടെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.