ലോകം നേരിടുന്ന ഗുരുതര വിഷയങ്ങള്‍ക്ക് യുദ്ധമല്ല പരിഹാരം, നയതന്ത്രമാകണം മുഖ്യം:ജോ ബൈഡന്‍

ലോകം നേരിടുന്ന ഗുരുതര വിഷയങ്ങള്‍ക്ക് യുദ്ധമല്ല പരിഹാരം, നയതന്ത്രമാകണം മുഖ്യം:ജോ ബൈഡന്‍


വാഷിങ്ടണ്‍: ആധുനിക ലോകം നേരിടുന്ന ഗുരുതര വിഷയങ്ങള്‍ക്ക് യുദ്ധത്തിലൂടെ പരിഹാരമുണ്ടാകില്ലെന്നും സമാധാനത്തിലൂന്നിയ നയതന്ത്രജ്ഞതയാണ് പ്രസക്തവും പ്രധാനവുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വ്യക്തവും വിജയം നേടാവുന്നതുമായ സൈനിക ദൗത്യങ്ങളേ യുഎസ് ഏറ്റെടുക്കൂ.യുഎസ് പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചൈനയുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് ബൈഡന്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ മാത്രമേ സൈനിക നടപടിക്ക് യുഎസ് തയാറാകൂ എന്നും അവസാന മാര്‍ഗമായി മാത്രമേ അതിനെ കാണൂ എന്നും ബൈഡന്‍ വ്യക്തമാക്കി.ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയുടെ 76 ാം സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ സൈനിക നടപടികള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ നിലപാട് വ്യക്തമാക്കിയത്.'മറ്റു മേഖലകളില്‍ ഞങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കില്‍പ്പോലും, വെല്ലുവിളികള്‍ പങ്കുവയ്ക്കാന്‍ സമാധാനപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഏത് രാജ്യത്തോടൊപ്പവും പ്രവര്‍ത്തിക്കാന്‍ യുഎസ് തയാറാണ്.' അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകം ഇതിന് മുമ്പൊരിക്കലും ഇപ്പോഴത്തേതുപോലെ വലിയ ഭീഷണിയും വിഭജനവും നേരിട്ടിട്ടില്ലെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ജനറല്‍ അസംബ്ലിയിലെ ചര്‍ച്ചയില്‍ നിരീക്ഷിച്ചിരുന്നു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി, അഫ്ഗാനിസ്താനിലെ കലാപം, സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തടസ്സപെടുത്തുന്ന രാജ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. മനുഷ്യാവകാശം ഭീഷണിയുടെ വക്കിലാണെന്നും ശാസ്ത്രം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് താനിവിടെ നില്‍ക്കുന്നത്. ലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യവശ്യമായിരിക്കുന്നു. നമ്മളെല്ലാവരും ഒരു വലിയ ഗര്‍ത്തത്തിന്റെ വക്കിലാണ്, നമ്മള്‍ തെറ്റായ ദിശയില്‍ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും വിഭജനം നേരിട്ടിട്ടില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്- അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.