റണ്‍വേ വികസനം അസാധ്യം; കരിപ്പൂരില്‍ പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണം:എഎഐ

റണ്‍വേ വികസനം അസാധ്യം; കരിപ്പൂരില്‍ പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണം:എഎഐ

ന്യൂഡല്‍ഹി: റൺവേ വികസനം സാധ്യമല്ലാത്തതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളിറങ്ങാൻ പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തണമെന്ന് സംസ്ഥാനത്തോട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ.). റൺവേ വികസനം ചെലവേറിയതിനാലാണിത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും നീളംകൂടിയ റൺവേകൾ ആവശ്യമാണ്.

കോഴിക്കോട്ട്‌ 2700 മീറ്റർ മാത്രമാണ് നീളം. ഇത് കൂട്ടുന്നതിന് പദ്ധതി തയ്യാറാക്കിയ എ.എ.ഐ കേരള സർക്കാരിനോട് 485 ഏക്കർ ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് ഭരണപരമായ അനുമതി ആദ്യം നൽകിയെങ്കിലും പിന്നീട് സ്ഥലം ചുരുക്കണമെന്നാവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ 152.5 ഏക്കറാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതെന്നും അതും ഏറ്റെടുത്ത് കിട്ടിയിട്ടില്ലെന്നും ഉദ്യോഗസ്ഥവൃത്തങ്ങൾ പറഞ്ഞു. ഇക്കാരണത്താൽ റൺവേ വികസനം സാധ്യമല്ലെന്നാണ് എയർപോർട്ട് അതോറിറ്റി മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് സംബന്ധിച്ച്‌ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമായേക്കും.2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെക്കുറിച്ച്‌ എ.എ.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.

എ.എ.ഐ.ബിയുടെ ശുപര്‍ശകള്‍ പഠിക്കാനും വിമാനത്താവളമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും സിവില്‍ വ്യോമയാന മന്ത്രാലയമാണ് വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോള അദ്ധ്യക്ഷനും മുന്‍ വ്യോമസേനാ മേധാവി ഫാലി ഹോമി മേജര്‍, വിമാനത്താവള  വിദഗ്ധന്‍ അരുണ്‍ റാവു,എയര്‍ നാവിഗേഷന്‍ സര്‍വീസസ് അംഗം വിനീത് ഗുലാത്തി, എയര്‍ഇന്ത്യ, ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിട്ടി മേധാവികള്‍, കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ എന്നിവര്‍  അടങ്ങിയ സമിതി രൂപീകരിച്ചത്.

എ.എ.ഐ.ബി നല്‍കിയ 43 ശുപാര്‍ശകള്‍  പഠിച്ച്‌ രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിക്ക് നല്‍കിയ നിര്‍ദ്ദേശം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സുരക്ഷിതമാകുമോ എന്ന വിഷയവും സമിതി പഠിക്കും. എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ടിൽ പൈലറ്റിന്റെ പാളിച്ചയാണ് അപകടത്തിനു പ്രധാന കാരണമെന്നു പറയുന്നുണ്ടെങ്കിലും റൺവേയുടെ വീതിയും നീളവും ഉൾപ്പെടെയുള്ളവ വലിയ വിമാനങ്ങൾക്കിറങ്ങാൻ പറ്റിയതല്ല എന്ന സൂചനയുണ്ട്. അതിനാൽ റിപ്പോർട്ട് മറികടന്നുള്ള തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.