കൊച്ചി: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി 'അര്‍ധ നഗ്നനായ ഫക്കീര്‍' വേഷത്തിലേക്ക് ഗാന്ധിജി മാറിയിട്ട് ഇന്ന് 100 വര്‍ഷം. 52ാം വയസിലാണ് ഗാന്ധിജി ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. 1921 സെപ്റ്റംബര്‍ 22നാണ് അദ്ദേഹം തന്റെ വേഷമാറ്റം സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
നഗ്നത മറയ്ക്കാന്‍ ഒറ്റമുണ്ട് മാത്രം ഉപയോഗിക്കാന്‍ ഉറപ്പിച്ചു. തല മുണ്ഡനംചെയ്തു. ഒരുമാസത്തേക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി ജീവിതാവസാനം വരെ തുടര്‍ന്നു. അങ്ങനെ നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയിട്ട് ഇന്നേയ്ക്ക് 100 വര്‍ഷമായി.
വിദേശ വസ്ത്ര ബഹിഷ്‌കരണ സമര പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 15 ന് ഗാന്ധിജി മദ്രാസിലെ മറീനാബീച്ചില്‍ പൊതുസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു വസ്ത്രവിപ്ലവ തീരുമാനത്തിന് വഴി തുറന്നത്. വിദേശ വസ്ത്രം വില്‍ക്കുന്നതും ധരിക്കുന്നതും ഉപേക്ഷിക്കാന്‍ സമ്മേളനത്തിനെത്തിയ തൊഴിലാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ ആവശ്യത്തിന് ഖാദി കിട്ടുന്നില്ലെന്നും വിലകൂടിയ ഖാദി വാങ്ങാന്‍ ശേഷിയില്ലെന്നുമായിരുന്നു അവരുടെ മറുപടി.
ഇതിന് പരിഹാരമായി വസ്ത്രത്തിന്റെ ആവശ്യം കുറച്ച് ഒറ്റമുണ്ടുടുത്ത് വിദേശ വസ്ത്രം ഉപേക്ഷിക്കൂ എന്നാണ് ഗാന്ധിജി അവരെ ഉപദേശിച്ചത്. ഈ മറുപടിക്ക് പിന്നാലെയാണ് തന്റെ വസ്ത്രങ്ങള്‍ അല്‍പ്പം കൂടുതലാണെന്ന ചിന്ത ഗാന്ധിജിക്കുണ്ടായത്. അങ്ങനെ ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
ബ്രിട്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തിലും ഇതേ വേഷത്തിലാണ് ഗാന്ധിജി പങ്കെടുത്തത്. ബക്കിംഗ് ഹാം കൊട്ടാരത്തിലെത്തിയപ്പോഴും ധരിച്ചത് അതേ വേഷം. ഇതില്‍ അസ്വസ്ഥനായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 'അര്‍ധ നഗ്നനായ ഫക്കീര്‍' എന്നുവിളിച്ച് ഗാന്ധിജിയെ പരിഹസിച്ചു.
മധുരയില്‍ വച്ചെടുത്ത ആ വസ്ത്രവിപ്ലവ തീരുമാനത്തിന്റെ ശതാബ്ദി ഇന്നു നടക്കും. മധുര മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ചെറുമകള്‍ താര ഗാന്ധി ഭട്ടാചാര്യ മുഖ്യാതിഥിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.