കൊച്ചി: കോവിഡ് പ്രതിസന്ധിയിലും കേരള ടൂറിസത്തിന് ഉണര്‍വേകി 1200 വിനോദ സഞ്ചാരികളുമായി ആദ്യ കപ്പല്‍ കൊച്ചിയില്‍ എത്തി. മുംബെയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയാണ് കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിട്ടത്. കൊച്ചിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടോടെ സഞ്ചാരികളുമായി കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.
2020 മാർച്ചിലാണ് വിനോദസഞ്ചാരികളുമായി അവസാന കപ്പൽ കൊച്ചിയിൽ എത്തിയത്. പിന്നിട് കോവിഡ് പിടി മുറുകിയതോടെ വിനോദസഞ്ചാര കപ്പലുകൾക്കും വിലക്ക് വീഴുകയായിരുന്നു. ഇതോടെ ഹോംസ്റ്റേ, റിസോർട്ട്, വഴിയോര കച്ചവടക്കാർ തുടങ്ങി 10,000ത്തിലേറെ പേരുടെ ഉപജീവനമാർഗമാണ് പ്രതിസന്ധിയിലായത്. എന്നാൽ ഒരിടവേളയ്ക്കുശേഷം ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്.
കൊവിഡ് അടച്ചിടലിനുശേഷം ആദ്യമായി കപ്പൽമാർഗം കേരളത്തിലെത്തിയ സഞ്ചാരികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് സ്വീകരണവും നൽകി. കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിക്കിടന്ന യാത്രകൾ വീണ്ടും സാധ്യമായ സന്തോഷത്തിലായിരുന്നു വിനോദസഞ്ചാരികൾ.
നിലവിൽ ആദ്യ കപ്പൽ എത്തിയതിനു പിന്നാലെ മാസത്തിൽ രണ്ടു കപ്പലുകൾ കൊച്ചിവഴി സർവിസ് നടത്താനും സ്വകാര്യ കമ്പനി തീരുമാനിച്ചു. സഞ്ചാരികളുടെ എണ്ണമനുസരിച്ച് ഇത് ആഴ്ചയിൽ ഒന്നായി ഉയരാനും സാധ്യതയുണ്ട്. ഇതോടെ കോവിഡ് പ്രതിസന്ധി മറികടന്ന് ടൂറിസം മേഖല വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.