സ്വകാര്യ ആശുപത്രികള്‍ മുഖം തിരിച്ചു: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കെട്ടിക്കിടക്കുന്നത് 9,93,879 ഡോസ് കോവിഡ് വാക്‌സിന്‍

സ്വകാര്യ ആശുപത്രികള്‍ മുഖം തിരിച്ചു:  മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കെട്ടിക്കിടക്കുന്നത് 9,93,879 ഡോസ് കോവിഡ് വാക്‌സിന്‍

കൊച്ചി: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍) സംഭരണ കേന്ദ്രങ്ങളില്‍ ചെലവഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത് 9,93,879 ഡോസ് വാക്‌സിന്‍.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാങ്ങിയ പത്ത് ലക്ഷം ഡോസ് വാക്‌സിനില്‍ ഇതുവരെ ഉപയോഗിക്കാനായത് 6,121 ഡോസ് വാക്‌സിന്‍ മാത്രം. സര്‍ക്കാര്‍ പദ്ധതിയോട് സ്വകാര്യ ആശുപത്രികള്‍ മുഖം തിരിച്ചതാണ് വാക്‌സിന്‍ ചെലവഴിക്കാനാകാത്ത സാഹചര്യമുണ്ടായത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് 18.18 ലക്ഷം കോവിഡ് വാക്‌സിന്‍ ആവശ്യമുണ്ടാകുമെന്ന സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) നല്‍കിയ കണക്ക് പ്രകാരമാണ് 20 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ പണം കൊടുത്തു വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

630 രൂപയ്ക്ക് കെ.എം.എസ്.സി.എല്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാക്‌സിന്‍ നല്‍കുമ്പോള്‍ 150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ ആശുപത്രികള്‍ക്ക് 780 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്കു വില്‍ക്കാം എന്നായിരുന്നു ധാരണ.

്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വാക്‌സിന്‍ വാങ്ങാന്‍ പണം എടുത്തത്. വാക്‌സിന്‍ ചാലഞ്ച് വഴി സമാഹരിച്ച തുകയില്‍ നിന്ന് 126 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെ.എം.എസ്.സി.എല്ലിന് വാക്‌സിന്‍ വാങ്ങാന്‍ കൊടുത്തു. സ്വകാര്യ ആശുപത്രികളില്‍ നിന്നു പണം വാങ്ങി മാത്രമേ വാക്‌സിന്‍ നല്‍കാവൂ എന്നും അപ്രകാരം ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തന്നെ തിരിച്ചടയ്ക്കണം എന്നുമായിരുന്നു നിബന്ധന.

10 ലക്ഷം വീതം രണ്ട് ബാച്ചുകളായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനാണു ധാരണയിലെത്തിയത്. ഇതനുസരിച്ചു പണവും നല്‍കി ആദ്യത്തെ 10 ലക്ഷം ഡോസ് സംസ്ഥാനത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇതില്‍ 6,121 ഡോസ് വാക്‌സിന്‍ മാത്രമേ കെ.എം.എസ്.സി.എല്ലിന് വില്‍ക്കാനായുള്ളൂ.

സ്വകാര്യ ആശുപത്രികള്‍ കോവിഡ് വാക്‌സിനു വേണ്ടി കെ.എം.എസ്.സി.എല്ലിനെ ആശ്രയിക്കാതെ വന്നതോടെ വാക്‌സിന്‍ വാങ്ങി പെട്ടുപോയ അവസ്ഥയിലാണിപ്പോള്‍ കെ.എം.എസ്.സി.എല്‍. പണം കൊടുത്തു വാങ്ങിയ വാക്‌സിന്‍ സൗജന്യമായി കൊടുക്കാനും കഴിയില്ല. കാരണം സര്‍ക്കാര്‍ ഉത്തരവു പ്രകാരം വാക്‌സിന്‍ വാങ്ങാന്‍ ചെലവഴിച്ച പണം കെ.എം.എസ്.സി.എല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തിരിച്ചടയ്ക്കണം.

പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ കൈ.എം.എസ്.സി.എല്‍ വാങ്ങിയ വാക്‌സിന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ഒരു പദ്ധതി കൂടി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വാക്‌സിന്‍ ചാലഞ്ചിലൂടെ ലഭിച്ച ജനങ്ങളുടെ പണമുപയോഗിച്ചു വാങ്ങിയ വാക്‌സിന്‍ ജനങ്ങള്‍ക്കു സൗജന്യമായി നല്‍കാനായി വീണ്ടും ജനങ്ങളില്‍ നിന്നു പണം പിരിക്കുക എന്നതായിരുന്നു 'സ്‌പോണ്‍സര്‍ എ ജാബ്' എന്നു പേരിട്ട് അവതരിപ്പിച്ച ആ പദ്ധതി. പക്ഷേ, പൊതുജനങ്ങള്‍ ഇതിനോട് കാര്യമായി പ്രതികരിക്കാതെ വന്നതോടെ അതും പാളുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.