സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ: ബസില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; നിന്ന് യാത്ര അനുവദിക്കില്ല

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ: ബസില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; നിന്ന് യാത്ര അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കേ കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഗതാഗത വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂവെന്നും ഒക്ടോബര്‍ 20ന് മുന്‍പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കോവിഡിന് മുന്‍പ് സ്‌കൂള്‍ ബസില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരിക്കാന്‍ അനുവദിച്ചിരുന്നു.

എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. സ്‌കൂള്‍ ബസ് ജീവനക്കാര്‍ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ ബസില്‍ കയറ്റരുത്. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. ബസില്‍ തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണം. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും ആന്റണി രാജു പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതി പേര്‍ക്കും ഇടം കിട്ടിയില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ഇടം നേടാനായത്. മെറിറ്റ് വിഭാഗത്തില്‍ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. നാളെ മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം.

കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷന്‍ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നസര്‍ക്കാര്‍ നിലപാട് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.