അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 23
വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ കര്‍മ്മം കൊണ്ടും വാക്കുകള്‍ കൊണ്ടും അനുകരിച്ച പാദ്രേ പീയോ 1887 മെയ് 25 ന് ഇറ്റലിയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജനിച്ചത്. അഞ്ചാമത്തെ വയസില്‍ തന്നെ പീയോ ദൈവത്തിന് പൂര്‍ണമായും സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു. പന്ത്രണ്ടാമത്തെ വയസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യ ലേപനവും സ്വീകരിച്ചു.
കര്‍ത്താവിനുണ്ടായ പീഡനം സ്വയം അനുഭവിക്കാനായി തന്റെ ബാല്യകാലത്ത് പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. പതിനഞ്ചാം വയസില്‍ മൊര്‍ക്കോണയിലെ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 23 ാമത്തെ വയസില്‍ 1910 ഓഗസ്റ്റ് 10 ന് പൗരോഹിത്യം സ്വീകരിച്ചു.
ദൈവസ്‌നേഹത്താലും പരസ്‌നേഹത്താലും നിറഞ്ഞ പാദ്രേ പീയോ മനുഷ്യ രക്ഷയ്ക്കായി അക്ഷീണം പരിശ്രമിച്ചു. 1918 സെപ്റ്റംബര്‍ 20 ന് കുരിശിനു മുമ്പിലുള്ള പ്രാര്‍ത്ഥനയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ശരീരത്ത് പഞ്ചക്ഷതമുണ്ടായി. ഈ വാര്‍ത്ത നാടാകെ പ്രചരിച്ചതോടെ നാനാ ദിക്കുകളില്‍ നിന്നും അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനുമായി ജനപ്രവാഹമുണ്ടായി. തീര്‍ത്ഥാടനത്തിന് വന്നവരുടെ മനസില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങള്‍ അദ്ദേഹത്തിന് വെളിപ്പെട്ടു.
പല സ്ഥലങ്ങളില്‍ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നല്‍കുക എന്നിങ്ങനെ പലവിധ അത്ഭുത കഥകള്‍ പീയോ അച്ചനെ പറ്റി പ്രചരിച്ചു. 1956 ല്‍ അദ്ദേഹം House for the Relief of Suffering എന്ന ആശുപത്രി സ്ഥാപിച്ചു. 1968 സെപ്റ്റംബര്‍ 23 ന് എണ്‍പത്തൊന്നാമത്തെ വയസില്‍ പാദ്രെ പിയോ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 1920 ല്‍ അദ്ദേഹം സ്ഥാപിച്ച പ്രാര്‍ത്ഥനാ സംഘത്തില്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
House for the Relief of Suffering എന്ന ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഏഴ് വയസുള്ള മകനുണ്ടായ അത്ഭുതകരമായ രോഗശാന്തി വിശുദ്ധ പാദ്രേ പീയോയുടെ മധ്യസ്ഥതയില്‍ ഉണ്ടായതാണ്. 2000 ജൂണ്‍ 20 ന് മാത്തിയോ എന്ന ഈ ബാലനെ മെനെജെറ്റീസ് ബാധിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ബാലന്റെ എല്ലാ അവയവങ്ങളും തകരാറിലായതായി കണ്ടെത്തി.
ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ ബാലന്റെ ശരീരത്തില്‍ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. പക്ഷേ അന്നു രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചിന്‍ സന്യാസ ആശ്രമത്തില്‍ ഏതാനും സന്യാസികളോടൊത്ത് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിയുടെ സ്ഥിതി ഭേദമായി തുടങ്ങി.
ദീര്‍ഘമായ അബോധാവസ്ഥയില്‍ നിന്നും എഴുന്നേറ്റ കുട്ടി, തന്റെയടുത്ത് വെളുത്ത താടിയും തവിട്ടു നിറത്തിലുള്ള ഉടുപ്പും ധരിച്ച ഒരാള്‍ വന്നെന്നും നിന്റെ രോഗം ഉടനെ ഭേദമാകുമെന്ന് തന്നോട് പറഞ്ഞുവെന്നും അറിയിച്ചു. 2001 ഡിസംബര്‍ 20 ന് നാമകരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘവും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു. 2002 ജൂണ്‍ 16 ന് പാദ്രേ പീയോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സിസിലിയിലെ ആന്‍ഡ്രൂ, ജോണ്‍ പീറ്റര്‍, ആന്റണി
2. ഐറിഷ് സന്യാസിയായ ആഡംനന്‍
3. ലിന്റീസ്‌ഫോണിലെ സിസാ
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.