സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ്, മിസൈല്‍ പ്രതിരോധ ശേഷി; മോഡി യുഎസില്‍ എത്തിയത് എയര്‍ ഇന്ത്യ വണ്‍ എന്ന 'പറക്കും ആഢംബരത്തില്‍' !

സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ്, മിസൈല്‍ പ്രതിരോധ ശേഷി; മോഡി യുഎസില്‍ എത്തിയത് എയര്‍ ഇന്ത്യ വണ്‍ എന്ന 'പറക്കും ആഢംബരത്തില്‍' !

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ പറന്നിറങ്ങിയത് രാജകീയമായി. സുരക്ഷാ കവചമുള്ള സ്യൂട്ട്, മിസൈല്‍ പ്രതിരോധ ശേഷി തുടങ്ങി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ 'എയര്‍ ഇന്ത്യ വണ്‍' എന്ന് പേരിട്ടിരിക്കുന്ന ബോയിങ് 777 വിമാനത്തിലായിരുന്നു.

പ്രത്യേകമായി രൂപകല്‍പന ചെയ്തിരിക്കുന്ന ബോയിങ് 777 വിമാനങ്ങളില്‍ യു.എസ് പ്രസിഡന്റിന്റെ 'എയര്‍ഫോഴ്സ് വണ്‍' വിമാനത്തിന് തുല്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്ര തലവന്മാരുടെ യാത്രകള്‍ക്കായി ബോയിങ് 747 വിമാനങ്ങള്‍ക്ക് പകരം അത്യാധുനിക ബോയിങ് 777 വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കാന്‍ തുടങ്ങിയത്. രണ്ട് ബോയിങ് 777- വിമാനങ്ങള്‍ക്കായി ഏതാണ്ട് 8,400 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്.
അമേരിക്കയിലെ ഡാലസിലുള്ള ബോയിങ്ങിന്റെ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ തയ്യാറാക്കിയത്. യഥാര്‍ത്ഥത്തില്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനങ്ങള്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു.

യു.എസ്. പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണിന് സമാനമായി എയര്‍ ഇന്ത്യ വണ്ണിലും സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ്, കോണ്‍ഫറന്‍സ് ക്യാബിനോടുകൂടിയ വിശാലമായ ഓഫീസ് സംവിധാനം , ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേര്‍സ്, മിസൈല്‍ പ്രതിരോധ സംവിധാനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉണ്ട്.

വിമാനത്തിനു നേരെ വരുന്ന മിസൈലുകള്‍ കണ്ടെത്താനുള്ള സംവിധാനവും മിസൈലുകളുടെ നിയന്ത്രണ സംവിധാനം തകര്‍ത്ത് വഴിതിരിച്ചുവിടാനുള്ള ശേഷിയുമാണ് എയര്‍ ഇന്ത്യ വണ്ണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി, കൂടുതല്‍ വലിയ ഓഫീസ് സൗകര്യം, മീറ്റിങ് മുറികള്‍, ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവയും ഇതിലുണ്ട്. ഇന്ത്യയില്‍നിന്ന് യു.എസ് വരെ പറക്കാന്‍ ഇടയ്ക്ക് ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യവുമില്ല. മണിക്കൂറില്‍ 900 കിലോമീറ്ററാണ് ഈ സൂപ്പര്‍ വിമാനത്തിന്റെ വേഗത.

വിമാന വിശേഷങ്ങള്‍ തീരുന്നില്ല. ദേശീയ മുദ്രയും ഇന്ത്യ എന്നും ഭാരത് എന്നും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിമാനത്തിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ വാലില്‍ പാറിപ്പറന്ന് ദേശീയ പതാകയും. ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ തന്നെയാണ് എയര്‍ ഇന്ത്യ വണ്‍ പറത്തുന്നത്. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസ് ലിമിറ്റഡിനാണ് വിമാനത്തിന്റെ പരിപാലന ചുമതല. എയര്‍ ഇന്ത്യ വണ്‍ ശരിക്കും ഒരു പറക്കും വൈറ്റ് ഹൗസാണ്.

എയര്‍ ഫോഴ്സ് വണ്‍ എന്നത് ഒരു വിമാനത്തിന്റെ പേരല്ല. അമേരിക്കന്‍ പ്രസിഡന്റിനായുള്ള ഏത് വിമാനത്തേയും വ്യോമസേന എയര്‍ ഫോഴ്സ് വണ്‍ എന്നാണ് വിളിക്കുക. നിലവില്‍ ബോയിങ് 747 വിമാനമാണ് എയര്‍ ഫോഴ്സ് വണ്‍ ആയി ഉപയോഗിക്കുന്നത്. ആണവായുദ്ധ അക്രമണത്തെ പോലും പ്രതിരോധിക്കാവുന്ന വിധത്തിലാണ് വിമാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.