കൊച്ചി: പൊതു ജനങ്ങള്‍ക്കെതിരായ അസഭ്യവര്‍ഷത്തില്‍ പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വാഹന പരിശോധയ്ക്കിടെ കൊല്ലത്ത് ഡോക്ടറെ അപമാനിച്ച കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിഷയത്തില്‍ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
പൊലീസുകാര്‍ക്ക് മാത്രം നാട്ടില്‍ ജീവിച്ചാല്‍ മതിയോ എന്ന ചോദ്യവും ഡോക്ടര്‍ എന്ന പദവിയിലിരിക്കുന്ന ഒരാളെ അപമാനിച്ച സംഭവം അന്വേഷിക്കപ്പെടേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു. വിഷയുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ അസഭ്യപ്രയോഗം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കൊല്ലം എസിപി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസിന്റെ വാദങ്ങള്‍ക്കൊപ്പം ഈ റിപ്പോര്‍ട്ടും കോടതി തള്ളി. കേസില്‍ കൃത്യമായ നടപടിയെടുത്ത ശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
നേരത്തെയും സമാനമായ രീതിയില്‍ ജനങ്ങളോടുള്ള എടാ പോടാ വിളികള്‍ ഒഴിവാക്കണമെന്നു പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതിയുടെ നിര്‍ദേശിച്ചു. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി. പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.