ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു. രണ്ടു വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ധിച്ചു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ 50,035 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ 27,248 കേസും 2019 ല്‍ 44,735 കേസുമായിരുന്നു.
സൈബര്‍ കുറ്റകൃത്യനിരക്ക് 3.7 ആയി. 2019 ല്‍ 3.3 ആയിരുന്നു. 18,420 പേരെ അറസ്റ്റുചെയ്തതില്‍ 18,420 പേരും പുരുഷന്മാരാണ്. കോടതി ശിക്ഷിച്ച 1369 പേരും പുരുഷന്മാരാണ്. കുറ്റം ചുമത്തപ്പെട്ട 600 പേരില്‍ 13 പേര്‍ മാത്രമാണ് സ്ത്രീകള്‍.
കര്‍ണാടകയില്‍ കുറ്റകൃത്യനിരക്ക് 16.2 ശതമാനമാണ്. കേരളത്തില്‍ 1.2 ശതമാനം മാത്രമാണ്. തെലങ്കാനയിൽ 13.4, അസം 10.1, യുപി 4.8, മഹാരാഷ്ട്രയിലും മേഘാലയയിലും 4.4, ഒഡിഷ 4.2 എന്നീ സംസ്ഥാനങ്ങളിലെ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലാണ്. 19 മെട്രോപോളിറ്റന്‍ നഗരങ്ങളിലാണ് 18,657 കേസ്. നഗരങ്ങളിലെ കുറ്റകൃത്യനിരക്ക് 16.4 ആണ്. വന്‍നഗരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇടമാക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. 2020 ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 22.17 ശതമാനവും യുപിയിലാണ്. 11,097 കേസുകൾ. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതിന് 872 കേസെടുത്തു.
രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടാണ്. 30,142 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ 10,395 സാമ്പത്തികത്തട്ടിപ്പാണ്. ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകേസ് 4097. എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഒടിപി തട്ടിപ്പുകളും വ്യാപകമാണ്. ലൈംഗിക ചൂഷണക്കേസ് 6.6 ശതമാനമാണ്. 3293 കേസുകൾ. സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളില്‍ 578 എണ്ണത്തിൽ കേസെടുത്തിട്ടുണ്ട്. 113 കേസ് ഭീകരവാദവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ 96വും യുപിയിലാണ്.
മുന്‍വര്‍ഷങ്ങളില്‍ അന്വേഷണം പുര്‍ത്തിയാക്കാത്ത 53,157 കേസുണ്ട്. ഈ വര്‍ഷത്തെയടക്കം 1,03,988 കേസ് അന്വേഷണത്തിലാണ്. കുറ്റപത്രം നല്‍കിയത് 47.5ശതമാനത്തില്‍ മാത്രം. തെളിവ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 13,384 കേസിന്റെ അന്വേഷണം നിലച്ചു. അതേസമയം, കേരളത്തില്‍ 70.6 ശതമാനം കേസിലും കുറ്റപത്രം നല്‍കി. രാജ്യത്ത് 36,236 കേസ് വിചാരണ കാത്ത് കോടതികളിലുണ്ട്. കേരളത്തിൽ 1026 കേസുകൾ മാത്രമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.