അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 24
കാരുണ്യ മാതാവിന്റെ സംരക്ഷണയില്‍ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, വിശുദ്ധ റെയ്മണ്ട് പെനിയാഫോര്‍ട്ട്, അരഗണിന്റെ രാജാവ് ജയിംസ് എന്നിവര്‍ ചേര്‍ന്ന് 1218 ല്‍ സ്പെയിനിലെ ബാര്‍സിലോണയില്‍ 'ഔര്‍ ലേഡി ഓഫ് മേഴ്‌സി' എന്ന സന്ന്യാസ സഭ സ്ഥാപിച്ചു. സാരസന്‍ അടിമത്തത്തില്‍ നിന്ന് ക്രിസ്ത്യാനികളെ സ്വതന്ത്രരാക്കാന്‍ സാധിച്ചതിന് പരിശുദ്ധ മാതാവിനോടുള്ള നന്ദി പ്രകടനമായിട്ടാണ് ഈ പുതിയ സഭയ്ക്കു രൂപം കൊടുത്തത്.
അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കാനായി ആളും അര്‍ത്ഥവും കൊണ്ട് സഹായിക്കുകയാണ് സഭയുടെ ലക്ഷ്യം. സ്പെയിനിലും ഫ്രാന്‍സിലും പ്രചാരം ലഭിച്ച ഈ സഭയ്ക്ക് ഒമ്പതാം ഗ്രിഗറി മാര്‍പ്പാപ്പ സാര്‍വ്വത്രിക സഭയില്‍ അംഗീകാരം നല്‍കുകയും ചെയ്തു.
തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഒരു സഭ സ്ഥാപിക്കണമെന്ന് പരിശുദ്ധ അമ്മ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോക്ക് ഒരു ദര്‍ശനം നല്‍കിയിരുന്നു. ഈ സഭയില്‍പ്പെട്ട വൈദികര്‍ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം പ്രാര്‍ത്ഥിക്കുകയും തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുന്നതിനായി അതീവ പരിശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വിജയങ്ങളെല്ലാം തന്നെ വിമോചകരുടെ റാണിയായ പരിശുദ്ധ അമ്മയുടെ സ്വര്‍ഗീയ മധ്യസ്ഥതയാല്‍ ലഭിച്ചതാണ്.
1198 ല്‍ വിശുദ്ധ ജോണ്‍ വാലോയിസിലെ വിശുദ്ധ ഫെലിക്‌സുമായി ചേര്‍ന്ന് 'ട്രിനിറ്റേറിയന്‍സ് സഭ' സ്ഥാപിച്ചു കൊണ്ട് തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. അന്നു തുടങ്ങി 1787 വരെ ഏതാണ്ട് ഒമ്പത് ലക്ഷം ക്രിസ്തീയ തടവുകാരെ മോചിപ്പിക്കുകയുണ്ടായി.
വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ സ്ഥാപിച്ച 'മേഴ്‌സിടിയന്‍സ്' എന്ന് വിളിക്കപ്പെടുന്ന 'ഔര്‍ ലേഡി ഓഫ് മേഴ്‌സി' എന്ന സഭ 1218 നും 1632 നും ഇടയില്‍ ഏതാണ്ട് 4,90,736 അടിമകളെയും മോചിപ്പിച്ചു. പില്‍കാലത്ത് അടിമയായിരുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ തന്റെ വൈദികര്‍ക്കൊപ്പം 1642നും 1660നും ഇടയില്‍ ഏതാണ്ട് 1200 ഓളം തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ 1,200,000 പൗണ്ട് വെള്ളി മോചന ദ്രവ്യമായി നല്‍കി മോചിപ്പിച്ചിരുന്നു. ആയിരക്കണക്കിന് തടവുപുള്ളികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന നേട്ടവും ഇക്കാലത്തുണ്ടായി.
എന്നാല്‍ ഇതേ കാലഘട്ടത്തില്‍ നിരവധി പേര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ക്രൂരമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിത്വം വഹിച്ചു. ഇക്കാര്യങ്ങളെല്ലാം തന്നെ ബോനെറ്റ് മോറി എന്ന ആധുനിക പ്രൊട്ടസ്റ്റന്റ് ചരിത്രകാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആ സമയത്ത് യൂറോപ്പിന്റെയൊ അമേരിക്കയുടെയൊ യാതൊരുവിധ സൈനിക നീക്കങ്ങളും ഈ പ്രാകൃത പ്രദേശങ്ങളിലേക്ക് ഉണ്ടായിട്ടില്ല എന്നദ്ദേഹം രേഖപ്പെടുത്തുന്നു. മറിച്ച് മാതായിലെ വിശുദ്ധ ജോണ്‍, വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ വിനയാന്വിതരായ സഭാ മക്കളുടെ ജീവത്യാഗത്തിന്റെ ഫലമായാണ് ഇതെല്ലാം സാധ്യമായത്.
ഇക്കാലത്ത് തെറ്റായ സിദ്ധാന്തങ്ങളുടെ അധീനത്തിലായിപ്പോയ ഇംഗ്ലണ്ടിനെ രക്ഷിക്കാനായി കാരുണ്യ മാതാവിന്റെ മാധ്യസ്ഥം തേടിയിരുന്നു. സാത്താന്റെ അടിമത്തത്തില്‍ നിന്നു പാപികളെ മോചിപ്പിക്കാനും ശുദ്ധീകരണ സ്ഥലങ്ങളില്‍ വേദന അനുഭവിക്കുന്നവരെ രക്ഷിക്കാനും കരുണയുടെ അവതാരമായ മാതാവിനെയാണ് വിശ്വാസികള്‍ അഭയം പ്രാപിക്കുന്നത്.
''മേരി നമ്മുടെ ആത്മീയ മാതാവാണ്. അമ്മയ്ക്ക് മക്കളുടെ ആവശ്യങ്ങള്‍ അറിയാം... നമ്മെ സ്നേഹിക്കാന്‍, കുരിശില്‍ കിടന്നുകൊണ്ട് ഈശോ നിയോഗിച്ചത് മാതാവിനെയാണ്. നമ്മെ മാത്രം എപ്പോഴും സ്നേഹിക്കാന്‍, നമ്മെ രക്ഷിക്കാന്‍. ക്രൂശിതനായ മകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ എപ്പോഴും നമ്മെ ആശ്വസിപ്പിക്കുന്നു.'' - എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. മിലാനിലെ ബിഷപ്പായിരുന്ന അനാത്തലോണ്‍
2. അന്റോക്കിയൂസും തിര്‍സൂസും ഫെലിക്‌സും അവുട്ടുണ്‍, ഗോര്‍
3. ബെവെര്‍ലിയിലെ ബെര്‍ക്ക്തൂണ്‍
4. ഐറിഷ്മിഷിനറിയായിരുന്ന കോനാള്‍ഡ്, ജിസ്ലാര്‍
5. സഗ്രേദോയിലെ ജെറാര്‍ഡ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.