ന്യൂഡൽഹി: രാജ്യത്ത് സൈന്യത്തിനായി 118 പ്രധാന യുദ്ധ ടാങ്കുകൾ വാങ്ങുന്നതിനുള്ള കരാറിലേർപ്പെട്ട് പ്രതിരോധമന്ത്രാലയം. 7523 കോടി രൂപ മുടക്കിയാണ് ടാങ്കുകൾ കരസേനയുടെ ഭാഗമാകുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരം ഓർഡനൻസ് ഫാക്ടറി ബോർഡിനു കീഴിൽ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയാണ് യുദ്ധ ടാങ്കുകൾ നിർമിക്കുക.
ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച 118 അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾക്കാണ് പ്രതിരോധ മന്ത്രാലയം ഓർഡർ നൽകിയത്. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാൻ 33000 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാൻ പുതിയ ടാങ്കുകൾ വാങ്ങാൻ കേന്ദ്രസർക്കാർ കരാറൊപ്പിട്ടത്.
നിലവിൽ കരസേനയുടെ ഭാഗമായ അർജുൻ എംകെ-1 മെയിൻ ബാറ്റിൽ ടാങ്കറിന്റെ (എംടിബി) പരിഷ്കരിച്ച പതിപ്പാണ് അർജുൻ എംകെ-1എ ടാങ്കർ. മുൻ മോഡലിൽ നിന്ന് പ്രധാനപ്പെട്ട 14 മാറ്റങ്ങൾ ഉൾപ്പെടെ 72 നവീകരണങ്ങളോടെയാണ് ടാങ്കർ നിർമിച്ചത്. യുദ്ധമുഖത്ത് ടാങ്കറിന്റെ പ്രവർത്തന ശേഷിയും ചലനശേഷിയും ഈടും കരുത്തും പതിൻമടങ്ങ് വർധിപ്പിക്കുന്നതാണ് പുതിയ നവീകരണങ്ങൾ.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൃത്യമായ ലക്ഷ്യഭേദകം സാധ്യമാകുന്നതാണ് ടാങ്കിന്റെ പുതിയ പതിപ്പ്. ഒപ്പം ഏതുപ്രതലത്തിലും ഉപയോഗിക്കാനാവുമെന്ന മെച്ചവുമുണ്ട്. അർജുൻ ടാങ്കിന്റെ പുതിയ മാതൃക ചലിക്കുന്ന പ്രതലത്തിലും അല്ലാതെയും പ്രവർത്തനക്ഷമതയ്ക്ക് ഭംഗമില്ലാതെ ഉപയോഗിക്കാനാവും എന്നതാണ്. വെടിയുതിർക്കാനുള്ള ശേഷിയും ചലനവേഗവും അതിജീവനശക്തിയും കൂടിയ അർജുൻ ടാങ്കുകളുടെ നൂതന വകഭേദമാണിവ.
ഓട്ടോ ടാർഗറ്റ് ട്രാക്കർ, റിമോട്ട് കൺട്രോൾഡ് വെപ്പൺ സിസ്റ്റം, എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ, അഡ്വാൻസ്ഡ് ലേസർ വാർണിങ് കൗണ്ടർമെഷർ സിസ്റ്റം, അഡ്വാൻസ്ഡ് ലാൻഡ് നാവിഗേഷൻ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷൻ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങൾ ടാങ്കറിലുണ്ട്.
ഓർഡൽ നൽകിയവയിൽ അഞ്ച് അർജുൻ എംകെ-1എ ടാങ്കുകൾ 30 മാസത്തിനുള്ളിൽ കരസേനയ്ക്ക് ലഭ്യമാകും. തുടർന്ന് വർഷംതോറും 30 വീതം ടാങ്കുകളും സൈന്യത്തിന്റെ ഭാഗമാകും. നിലവിൽ ടി-90, ടി-72, അർജുൻ എംകെ-1 എന്നീ ടാങ്കറുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ളത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് കേന്ദ്രമാണ് (സിവിആർഡിഇ) ടാങ്ക് രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും.
പുതിയ ടാങ്കറിന്റെ പ്രോട്ടോടെപ്പ് ഈ വർഷം ഫെബ്രുവരിയിൽ കരസേന മേധാവി നർവാനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവയുടെ നിർമാണം ശക്തിപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.