കൊച്ചി: വാക്‌സീന്‍ ഇടവേളയില്‍ ഇളവ് നല്‍കിയ സിംഗിള്‍ ബഞ്ച് നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. 28 ദിവസത്തെ ഇടവേള നിശ്ചയിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കൊവീഷില്‍ഡ് വാക്‌സീന്റെ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 12 ആഴ്ച മുതല്‍ 16 ആഴ്ചവരെ ഇടവേളവേണമെന്നാണ് പഠനം പറയുന്നതെന്ന് കേന്ദം ഹര്‍ജിയില്‍ പറയുന്നു. കൂടാതെ 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയവുമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ അപ്പീലില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഉണ്ടാകേണ്ട ഈ വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. കോടതികളുടെ ഇടപെടല്‍ വാക്‌സീന്‍ നയത്തിന്റെ പാളം തെറ്റിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കൃത്യമായ ഇടവേളയില്ലാതെ കൂടുതല്‍ ഡോസ് വാക്‌സീന്‍ നല്‍കുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും ലോകാരോഗ്യ സംഘടനകളുടെ അടക്കം മാര്‍ഗനിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് വാക്‌സീന്‍ പോളിസി നിശ്ചയിച്ചതെന്നും അപ്പീലില്‍ കേന്ദ്രം വ്യക്തമാക്കുന്നു. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ള ഇടവേളയിലെ ഇളവിനായി കേന്ദ്രത്തെ കിറ്റക്‌സ് കമ്പനി സമീപിക്കാത്തതിനേയും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു.
കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജിയിലായിരുന്നു വാക്‌സീന്‍ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ രീതിയില്‍ വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോവിഡ് പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കോടതി ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.