'പ്രവാചക ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കും': മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍

'പ്രവാചക ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കും': മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍

പാല: ലൗ ജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമെതിരെ ശക്തമായി പ്രതികരിച്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ചങ്ങനാശേരി അതിരൂപതയിലെ വൈദിക പ്രതിനിധികള്‍ പാലാ ബിഷപ്പ് ഹൗസില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഡോ. തോമസ് കറുകക്കളം ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം, കത്തീഡ്രല്‍ വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍, വിവിധ ഫൊറോനാ വികാരിമാര്‍ തുടങ്ങി 40 വൈദികര്‍ പാലാ അരമനയില്‍ കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിച്ചാണ് ചങ്ങനാശേരി അതിരൂപതയിലെ  പിതാക്കന്മാരുടേയും മുഴുവന്‍ വൈദികരുടേയും വിശ്വാസികളുടെയും പരിപൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചത്.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ ധീരതയോടെ പങ്കുവയ്ക്കാനും തന്റെ വിശ്വാസി സമൂഹത്തിന് ആവശ്യമായ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കാനും കല്ലറങ്ങാട്ട് പിതാവ് കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നുവെന്നും തിന്മയുടെ ശക്തികള്‍ കേരള സമൂഹത്തില്‍ ശക്തമാവുകയും സ്ത്രീ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയതെന്നും പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി.

അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശ്രമം അപലപനീയമാണെന്നും ഈ പ്രവാചക ശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുമെന്നും ആര്‍ച്ചുപ്രീസ്റ്റ് ഡോ. മാണി പുതിയിടം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.