പുനപരിശോധനയില്‍ കണ്ടെത്തിയത് ഏഴായിരത്തോളം അധിക കോവിഡ് മരണങ്ങള്‍

പുനപരിശോധനയില്‍ കണ്ടെത്തിയത് ഏഴായിരത്തോളം അധിക കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പുനപരിശോധനകള്‍ക്കു ശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങള്‍. കോവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പുതിയ കണക്കുകള്‍ ലഭിച്ചത്. കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2020 മാര്‍ച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനപരിശോധിച്ചത്. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഈ കണക്ക് ഇരട്ടിയായേക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണ കാരണം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ക്രോഡീകരിച്ച കണക്കുകളും തമ്മില്‍ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകള്‍ നേരത്തേ പുറത്തു വന്നിരുന്നു. ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളില്‍ ഉണ്ടായിരുന്നത്. ഇന്‍ഫര്‍മേഷന്‍ മിഷന്‍ കണക്കുകളില്‍ 23,486-ഉം.

പരാതി ഉയര്‍ന്നതോടെ ജൂണ്‍ 16 മുതല്‍ അതത് ജില്ലയുടെ കോവിഡ് മരണക്കണക്ക് ജില്ലകള്‍ നേരിട്ട് ഓണ്‍ലൈനായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കണക്കുകള്‍ സുതാര്യമെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.