ന്യൂഡൽഹി: രോഹിണി കോടതിയിലെ വെടിവെപ്പില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തി.ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി അദ്ദേഹം സംസാരിച്ചു. കോടതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്താന്‍ നടപടി വേണം എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദ്ദേശിച്ചു. അതിനിടെ കേസ് ഡൽഹി ക്രൈംബ്രാഞ്ചിന് കൈമാറി.
സംഭവത്തെ തുടർന്ന് എല്ലാ ജയിലുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദ്ദേശം. തീഹാര്‍, രോഹിണി, മണ്ഡോലി ഉള്‍പ്പെടെയുള്ള ജയിലുകളോട് ജാഗ്രത പുലര്‍ത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രോഹിണി കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഡൽഹി പൊലീസ് ഇന്ന് പരിശോധിക്കും. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്നത്.
ഇന്നലെയാണ് ഗുണ്ടാ സംഘത്തലവന്‍ ജിതേന്ദര്‍ ഗോഗിയെ കോടതി മുറിയില്‍ ഒരു സംഘം കൊലപ്പെടുത്തിയത്. എതിര്‍ സംഘത്തില്‍പ്പെട്ടവര്‍ അഭിഭാഷകരുടെ വേഷത്തിലെത്തി ആക്രമിക്കുകയായിരുന്നു. രോഹിണി കോടതിയില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോളായിരുന്നു സംഭവം. ഗോഗിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.
ഗോഗി - ടില്ലു എന്നീ രണ്ട് ഗുണ്ട തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പില്‍ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദര്‍ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയില്‍ ഹാജരാക്കി. ഈ സമയം 207-ാം നമ്പർ കോടതി മുറിയില്‍ എത്തിയ ടില്ലുവിന്റെ അനുയായികള്‍ ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അഭിഭാഷക വേഷത്തിലാണ് തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളില്‍ കയറിയത്. വെടിവെപ്പ് നടത്തിയ രണ്ട് പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി മുറിക്കുള്ളിലെ വെടിവെപ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. മുന്‍പും പലതവണ രണ്ട് ഗുണ്ടാസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.