പ്രമേഹ രോഗികള്‍ക്ക് ആശ്വസിക്കാം: ശീതീകരിക്കേണ്ട ആവശ്യമില്ലാത്ത ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

പ്രമേഹ രോഗികള്‍ക്ക് ആശ്വസിക്കാം: ശീതീകരിക്കേണ്ട ആവശ്യമില്ലാത്ത ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

കൊല്‍ക്കത്ത: ശീതീകരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഈ നിര്‍ണായ കണ്ടുപിടുത്തത്തിന് പിന്നില്‍. തല്‍ക്കാലം ഇതിന് 'ഇന്‍സുലോക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമേഹരോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ ഒപ്പം കൊണ്ടു നടക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

ഫ്രിഡ്ജിലല്ലാതെ ആവശ്യമുള്ള സമയമത്രയും ഈ ഇന്‍സുലിന്‍ പുറത്ത് സൂക്ഷിക്കാമെന്ന് ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശുഭ്രാംശു ചാറ്റര്‍ജി പറഞ്ഞു. ആചാര്യ ജഗദീഷ്ചന്ദ്ര ബോസിന്റെ പേര് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനുള്ള അപേക്ഷ ശാസ്ത്ര-സാങ്കേതികവിദ്യാ വിഭാഗത്തിന് (ഡി.എസ്.ടി.)നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ഐ സയന്‍സ് ഈ ഗവേഷണ ഫലത്തെ അംഗീകരിച്ചു. ശുഭ്രാംശു ചാറ്റര്‍ജി, ഐ.ഐ.സി.ബിയിലെ ശാസ്ത്രജ്ഞനായ പാര്‍ഥ ചക്രവര്‍ത്തി, ഐ.ഐ.സി.ടിയിലെ ശാസ്ത്രജ്ഞരായ ബി ജഗദീഷ്, ജെ റെഡ്ഡി എന്നിവരാണ് പുതിയ ഇന്‍സുലിന്‍ വകഭേദം വികസിപ്പിച്ചെടുത്തത്. ഇന്‍സുലിന്‍ തന്മാത്രകള്‍ക്കുള്ളില്‍ നാല് അമിനോ ആസിഡ് പെപ്റ്റൈഡ് തന്മാത്രകളുടെ ഒരു ചട്ടക്കൂട് കടത്തിവിട്ടുകൊണ്ടാണ് പരീക്ഷണം ലക്ഷ്യം കണ്ടത്.

ഇതോടെ ശീതീകരിക്കാതിരിക്കുമ്പോഴും ഇന്‍സുലിന്‍ തന്മാത്രകള്‍ ഖര രൂപമാകാതെ നിലനിര്‍ത്താന്‍ കഴിയുന്നു. സാധാരണ ഗതിയില്‍ ഇന്‍സുലിന്‍ നാലു ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ പുതിയ ഇന്‍സുലിന് 65 ഡിഗ്രി സെല്‍ഷ്യസിലും പിടിച്ചു നില്‍ക്കാനാകുമെന്ന് ഗവേഷകര്‍ പറഞ്ഞു. നാലു വര്‍ഷം നീണ്ട ഗവേഷണത്തിന് സാമ്പത്തിക സഹായം ചെയ്തത് ഡി.എസ്.ടിയും സി.എസ്.ഐ.ആറുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.