'ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി തേച്ച് കൊടുക്കണം': യുവാവിന് വ്യത്യസ്ത ശിക്ഷ നല്‍കി ബീഹാര്‍ കോടതി

'ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി തേച്ച് കൊടുക്കണം':  യുവാവിന് വ്യത്യസ്ത ശിക്ഷ നല്‍കി ബീഹാര്‍ കോടതി

പാട്ന: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വ്യത്യസ്തമായ ശിക്ഷ വിധിച്ച്‌ കോടതി. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറുമാസം സൗജന്യമായി അലക്കി തേച്ചു കൊടുത്താൽ മാത്രമേ യുവാവിനെ ജാമ്യം നൽകുവെന്ന് കോടതി ഉത്തരവിട്ടു.

ബിഹാറിലെ മധുബാനി ജില്ലയിലെ ജഞ്ചര്‍പുരിലെ കോടതിയുടേതാണ് ഉത്തരവ്. 20 വയസുള്ള അലക്ക് ജോലി ചെയ്യുന്ന ലലന്‍ കുമാറിനാണ് അസാധാരണ ഉപാധിയോടെ ജഡ്ജി അവിനാഷ് കുമാര്‍ ജാമ്യം അനുവദിച്ചത്. പ്രതിക്ക് 20 വയസ് മാത്രമേയുള്ളൂവെന്നും മാപ്പ് നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

സാമൂഹ്യ സേവനത്തിന് പ്രതി തയാറാണന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ജാമ്യത്തുക കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു.

സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ വേണ്ടിയാണ് യുവാവിന് ഈ ശിക്ഷ നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ഏകദേശം രണ്ടായിരം സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഇത്തരത്തില്‍ അലക്കി തേക്കേണ്ടി വരും. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഗ്രാമമുഖ്യനേയും കോടതി ചുമതലപ്പെടുത്തി. ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രം പ്രതി കോടതിയില്‍ ഹാജരാക്കുകയും വേണം.

എന്നാൽ നേരത്തെ ജഡ്ജി അവിനാഷ് കുമാര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്ക് ജാമ്യം അനുവദിച്ചതും അപൂര്‍വമായ ഉത്തരവിലൂടെയാണ്. ദളിത് വിഭാഗത്തിലുള്ള അഞ്ച് കുട്ടികള്‍ക്ക് എല്ലാ ദിവസവും അര ലിറ്റര്‍ പാല്‍ നല്‍കാനാണ് കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ശിവജി മിശ്രയോടും അശോക് മിശ്രയോടും കോടതി ആവശ്യപ്പെട്ടത്. ഇത് ആറു മാസം തുടരണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.