സ്വര്‍ണക്കടത്ത് കേസ് ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കം അണിയറയില്‍ സജീവമായി നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസ് ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കം അണിയറയില്‍ സജീവമായി നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരു എല്‍ഡിഎഫ് എംഎല്‍എ യുടെ പേരുകൂടി പുറത്ത് വന്നതോടെ അന്വേഷണം മറ്റ് ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കമാണ് സജീവമായി അണിയറയില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതുകൊണ്ടാണ് സിബിഐ അന്വേഷണം മുന്‍കാല പ്രാബല്യത്തോടെ തടയാന്‍ സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാത്തതും ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുടെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തതും അതിന് ഉദാഹരണമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന് ഇപ്പോൾ സംശയമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നെങ്കിലും അവര്‍ അതിന് തയാറായില്ല. മാത്രമല്ല അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം തേടാനുള്ള അവസരവും നല്‍കി. വിദേശനാണയ വിനിമയ ക്രമക്കേട് കൃത്യമായി കണ്ടെത്തിയ ലൈഫ് മിഷന്‍ കേസിലും നിയമപോരാട്ടത്തിന് കളമൊരുക്കി പദ്ധതി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ല. കൊടുവള്ളി എംഎല്‍എക്കെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ് തയാറാകാത്തതും ബിജെപിയും സിപിഎമ്മും ദേശീയതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് നടപടിക്രമങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.