വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് പൊലീസ്; സ്‌കൂളുകളില്‍ സേഫ്റ്റി ഓഫീസറായി അധ്യാപകര്‍

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് പൊലീസ്; സ്‌കൂളുകളില്‍ സേഫ്റ്റി ഓഫീസറായി അധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേയാണ് പൊലീസിനും ചുമതല നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ചചെയ്യാൻ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും വിളിച്ചുകൂട്ടി യോഗം ചേരും. കുട്ടികളെ കൊണ്ടു വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം തേടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 20ന് മുൻപ് സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യ വാഹനങ്ങളായാലും സ്‌കൂള്‍ വാഹനങ്ങളായാലും അവ ഓടിക്കുന്നവര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം.

അതേസമയം എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തേണ്ടതാണ്.

കുട്ടികളില്‍ കോവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച്‌ കുട്ടികള്‍ക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷന്‍ നടത്തണം. അവര്‍ കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കണം. സ്‌കൂള്‍ പിടിഎകള്‍ അതിവേഗത്തില്‍ പുനഃസംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.