'മോശയുടെ അംശവടി ഉള്‍പ്പടെ തന്റെ കൈവശമുണ്ട്': പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിയ യൂട്യൂബര്‍ അറസ്റ്റില്‍

'മോശയുടെ അംശവടി ഉള്‍പ്പടെ തന്റെ കൈവശമുണ്ട്': പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിയ യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. യൂട്യൂബറും കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയിരുന്ന മോന്‍സന്‍ മാവുങ്കലിനെയാണ് എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയെന്നും അത് വിട്ടുകിട്ടാന്‍ താല്‍ക്കാലിക നിയമ തടസങ്ങളുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങി പറ്റിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കമുള്ള പുരാവസ്തുക്കള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ചേര്‍ത്തലയിലെ ഒരു തടിപ്പണിക്കാരനാണ് ഇവ നിര്‍മിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ താന്‍ ഒറിജിനലല്ല അതിന്റെ പകര്‍പര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ പൊലീസിനോട് അവകാശപ്പെടുന്നത്.

പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലേയും ദുബായിലേയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കാട്ടിയാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൗണ്ടും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.