അഞ്ച് ഫോണ്‍ ഒരു സിം: 35 ദിവസം കൊണ്ട് തടവുകാര്‍ വിളിച്ചത് 3.25 ലക്ഷം സെക്കന്‍ഡ്

അഞ്ച് ഫോണ്‍ ഒരു സിം: 35 ദിവസം കൊണ്ട് തടവുകാര്‍ വിളിച്ചത് 3.25 ലക്ഷം സെക്കന്‍ഡ്

തിരുവനന്തപുരം: വിയ്യൂര്‍ ജയിലിലെ തടവുകാര്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 35 ദിവസം പുറത്തുള്ളവരുമായി സംസാരിച്ചത് 3.25 ലക്ഷം സെക്കന്‍ഡ് എന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. വിയ്യൂര്‍ ജയിലിലുണ്ടായിരുന്ന കൊലക്കേസ് പ്രതി റഷീദിന്റെ ഫോണില്‍ നിന്നാണ് പ്രതികള്‍ ഫോണ്‍ വിളിച്ചിരുന്നത്. ഇതോടെ റഷീദിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. അഞ്ച് ഫോണുകളില്‍ ഈ സിം ഉപയോഗിച്ചെങ്കിലും ഒരു ഫോണ്‍ പോലും പിടിച്ചെടുക്കാനായില്ല. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടായിരുന്ന എ.ജി സുരേഷിനോട് ജയില്‍ വകുപ്പ് ഇതുസംബന്ധിച്ച വിശദീകരണം തേടിയിരുന്നു.

തൃശൂര്‍ പൊലീസാണ് ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡിഐജി ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. കൂടാതെ റഷീദിന്റെ ഫോണില്‍ നിന്നു വിയ്യൂര്‍ ജയിലിലെ ജീവനക്കാരനായിരുന്ന സന്തോഷിനെ വിളിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സന്തോഷിനെ സ്ഥലം മാറ്റി. റഷീദിന്റെ ഫോണ്‍ ഉപയോഗിച്ച് പല തടവുകാരും പുറത്തേക്കു വിളിച്ചിരുന്നു. റഷീദിനോട് മാത്രമല്ല പ്രമാദമായ കേസുകളിലെ പല പ്രതികളുമായും ജയില്‍ സൂപ്രണ്ടിനു സൗഹൃദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ റഷീദില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തശേഷം ഇതുവരെ ഫോണുകള്‍ പിടിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക രേഖകള്‍. റഷീദ് ഉപയോഗിച്ച അഞ്ച് ഫോണുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ റഷീദില്‍ നിന്ന് ഫോണ്‍ പിടിച്ചെങ്കിലും സൂപ്രണ്ട് ഇടപെട്ട് തിരിച്ചു നല്‍കിയെന്നാണു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.