റഷ്യന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകരാര്‍ നീക്കാന്‍ നാസ, ബോയിംഗ് സഹകരണം

റഷ്യന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകരാര്‍ നീക്കാന്‍ നാസ, ബോയിംഗ് സഹകരണം


മോസ്‌കോ: റഷ്യയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കാമെന്നേറ്റ് നാസയും ബോയിംഗും. നാസയുടെയും ബോയിംഗ് കമ്പനിയുടേയും എഞ്ചിനീയര്‍മാര്‍ സഹകരിച്ചുകൊണ്ട് ബഹിരാകാശ നിലയത്തിലുണ്ടായിരിക്കുന്ന പ്രശനങ്ങള്‍ പരിഹരിക്കാമെന്നാണ് വാഗദാനം.

റഷ്യന്‍ ബഹിരാകാശ നിലയത്തിന്റെ തകരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത യോഗത്തില്‍ നാസയുടെ എയ്റോ സ്പേസ് സുരക്ഷാ ഉപദേഷ്ടാവ് പോള്‍ ഹില്ലാണ് പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയത്. ബഹിരാകാശ നിലയത്തിലെ വിള്ളലും ശുദ്ധവായു പാഴാകലും അടിയന്തിരമായി പരിഹരിക്കുക എന്നതാണ് നിലവിലെ പ്രധാന ദൗത്യം. ലന്‍ഡന്‍ ബി ജോണ്‍സന്‍ സ്പേസ് സെന്റര്‍, ലാംഗ്ലേ റിസര്‍ച്ച് സെന്റര്‍, ബോയിംഗ് എന്നിവയിലെ വിദഗ്ധരാണ് പ്രശ്നം പഠിച്ചുകൊണ്ടിരിക്കുന്നത്.

റഷ്യന്‍ ബഹിരാകാശ നിലയത്തിലെ രണ്ടു പ്രധാന ഭാഗമായ സാര്യ, വെസ്ദാ എന്നിവയുടെ അകത്തെ യോജിപ്പുകളിലെ വെല്‍ഡിംഗ് തകരാറാണ് വായു പാഴാകുന്നതിന് ഇടയാക്കുന്നതെന്ന് റഷ്യന്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. 30 വര്‍ഷം മുമ്പാണ് ഇവ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. റഷ്യന്‍ ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞനും രൂപകല്‍പ്പനാ വിദഗ്ധനുമായി വ്‌ളാദിമിര്‍ സോലോവീവാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

സാര്യ എന്ന ഭാഗത്താണ് പുതിയ പൊട്ടല്‍ രൂപപ്പെട്ടത്. അതേ സമയം വെസ്ദാ എന്ന ഭാഗത്തെ വിള്ളല്‍ മുമ്പുതന്നെ ഉണ്ടായതാണെന്നും അത് ക്രമേണ വികസിക്കുകയാണെന്നുമുള്ള അപകടകരമായ സാഹചര്യവും വ്‌ളാദിമിര്‍ സോലോവീ് വിശദീകരിച്ചു. 2019ലാണ് ആദ്യമായി വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. രണ്ടു വിള്ളലുകള്‍ അടച്ചെങ്കിലും പ്രാണവായു നഷ്ടപ്പെടുന്നത് പരിഹരിക്കാനായിട്ടില്ല. അതേ സമയം ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്ന തലത്തിലേക്ക് പ്രശ്നം വഷളായിട്ടില്ലെന്നാണ് വ്ളാദിമിര്‍ പറയുന്നത്. അതിസൂക്ഷ്മ വിവരങ്ങള്‍ ശേഖരിക്കാനുതകുന്ന സെന്‍സറുകള്‍ പേടകത്തിനുള്ളില്‍ സ്ഥാപിക്കാനാണ് അമേരിക്കന്‍ എഞ്ചിനീയര്‍മാരുടെ ആദ്യ ശ്രമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.