കൊച്ചി: പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തിയ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിനെ കണ്ടാല്‍ സാക്ഷാല്‍ ഈഫല്‍ ഗോപുരം രണ്ടു തവണ 'വിറ്റു'കാശാക്കിയ വിക്ടര്‍ ലസ്റ്റിഗു പോലും ഗുരുദക്ഷിണ വച്ച് തൊഴുതു പോകും. അത്ര മനോഹരമായാണ് ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കോളജ് വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഈ സൂപ്പര്‍ തട്ടിപ്പുകാരന്‍ ഇരകളെ പിടികൂടിയത്.
ഈഫല്‍ ഗോപുരത്തിന്റെ വില്‍പ്പന:
ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിനിധിയായി സ്വയം പരിചയപ്പെടുത്തിയാണ് പാരീസ് നഗരത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന ഈഫല്‍ ഗോപുരം വിക്ടര്‍ ഏഴോളം പേര്‍ക്ക് വിറ്റത്. ഭീമമായ പരിപാലന ചെലവ് വഹിക്കാനാകാത്തതുകൊണ്ട് സര്‍ക്കാര്‍ ഗോപുരം വിറ്റൊഴിവാക്കുകയാണെന്നും ടവര്‍ പൊളിച്ചുമാറ്റി അതിലെ ഇരുമ്പ് മാത്രം വിറ്റാല്‍ കോടീശ്വരനാകാമെന്ന് മോഹിപ്പിച്ചുമായിരുന്നു ചെറുകിട വ്യാപാരികള്‍ക്ക് ഇയാള്‍ ഗോപുരം കച്ചവടമാക്കിയത്. എന്നാല്‍ കച്ചവടമുറപ്പിച്ച് പണവും നല്‍കിയ ശേഷം കാര്യം ഔദ്യോഗികമായി പരിശോധിച്ചപ്പോഴായിയിരുന്നു തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ തിരിച്ചറിയുന്നത്.
1925 ലാണ് സംഭവം. 'ലോക പ്രശസ്തമായ പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ഗോപുരം ഫ്രഞ്ച് ഗവണ്മെന്റ് വില്‍ക്കാന്‍ പോകുന്നു. അതും ഇരുമ്പ് വിലയ്ക്ക്!' എന്നായിരുന്നു വിക്ടര്‍ ലസ്റ്റിഗ് ഇറക്കിയ നമ്പര്‍.വര്‍ഷാ വര്‍ഷമുള്ള ഭീമമായ പരിപാലന ചിലവ് താങ്ങാന്‍ കഴിയാതെയാണ് ഫ്രഞ്ച് ഗവണ്‍മെന്റ് ഈ തീരുമാനമെടുത്തതെന്നും പാരീസ് നഗരവാസികളും ഈഫല്‍ ഗോപുരത്തിന്റെ ആരാധകരും പ്രതിഷേധമുയര്‍ത്തുമെന്നുള്ളതു കൊണ്ട് സംഗതി രഹസ്യമാണെന്നും വിക്ടര്‍ വച്ചു കാച്ചി.
ദിവസങ്ങള്‍ക്കുള്ളില്‍ ആന്ദ്രേ പോയ്സോണ്‍ എന്ന ചെറുകിട വ്യാപാരി വലയില്‍ കുടുങ്ങി. ധാരാളം പണമുണ്ടെങ്കിലും ഒരു നല്ല ബിസിനസുകാരനെന്ന പേരില്ല എന്ന സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്ന 'വേദനിക്കുന്ന കോടീശ്വര'നായിരുന്നു പോയ്സോണ്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രാഞ്ചിയേട്ടന്‍. ഈഫല്‍ ഗോപുരം വാങ്ങിയാല്‍ പിന്നെ തന്റെ പേരും പ്രശസ്തിയും നാടാകെ പടരുമെന്ന് അയാള്‍ സ്വപ്‌നം കണ്ടു.
എന്നാലും ഗവണ്മെന്റ് ഈഫല്‍ ടവറൊക്കെ വില്‍ക്കുമോ?.. ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നത് ഗവണ്മെന്റ് പ്രതിനിധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മാറിക്കിട്ടി. അത്രയ്ക്കുണ്ടായിരുന്നു 'ഗവണ്മെന്റ് പ്രതിനിധി'യുടെ മൊത്തത്തിലുള്ള സെറ്റപ്പ്. അത്യാഢംബര കാറില്‍ പ്രൗഢഗംഭീരമായ വസ്ത്ര ധാരണത്തോടെയുള്ള കുലീനനും മാന്യനുമായ ഒരാള്‍. പിന്നെ സംശയത്തിനെന്ത് പ്രസക്തി?.. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇടപാടുറപ്പിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ 'സ്വന്തമാക്കി'.
പിറ്റേ ദിവസം തന്റെ സ്വന്തം ഈഫല്‍ ടവര്‍ പൊളിച്ചാല്‍ എത്ര ടണ്‍ ഇരുമ്പു കിട്ടും എന്നൊക്കെയുള്ള ഒരവലോകനത്തിനു ഈഫല്‍ ടവറിലേക്കു പോയ ആന്ദ്രേ പോയ്സണ്‍ തകര്‍ന്ന് തരിപ്പണമായിപ്പോയി. ഫ്രഞ്ച് ഗവണ്മെന്റ് അങ്ങനെയൊരു വില്പന നടത്തിയിട്ടില്ലെന്നു മാത്രമല്ല, അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല. മനോനില വീണ്ടെടുത്ത പോയ്‌സണ്‍ മനസില്‍ പറഞ്ഞു...'പോയത് പോയി. ഇനി പരാതി പറഞ്ഞ് ഉള്ള പേരു കളയേണ്ട'.
ഏതാനും മാസങ്ങള്‍ക്കു ശേഷം വിക്ടര്‍ ലസ്റ്റിഗ് വീണ്ടും ഈഫല്‍ ടവര്‍ വില്‍പനക്കു വെച്ചു. ഇത്തവണ ആറ് പേര്‍ക്ക് ഒരുമിച്ചാണ് ഈഫല്‍ ഗോപുരം കച്ചവടമാക്കിയത്. അതിലൊരാള്‍ക്കു തോന്നിയ ചെറിയ സംശയം പരാതിയായി മാറി. അങ്ങനെയാണ് ഈഫല്‍ ടവര്‍ വില്‍ക്കുന്ന ആ 'ഗവണ്മെന്റ് ഒഫിഷ്യലിനെ' പോലീസ് നോട്ടമിട്ടത്. സംഭവം മണത്തറിഞ്ഞ ലസ്റ്റിഗ് പൊലീസിന് പിടി കൊടുക്കാതെ തന്ത്രപൂര്‍വ്വം കടന്നു കളഞ്ഞുവെങ്കിലും പിന്നീട് പിടിയിലായി. തുടര്‍ന്ന് വിക്ടര്‍ ലസ്റ്റിഗ് അറിയപ്പെട്ടത് ഈഫല്‍ ഗോപുരത്തിന്റെ വില്‍പ്പനക്കാരന്‍ എന്നായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.