അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം: സൈനികര്‍ക്കായി കിഴക്കന്‍ ലഡാക്കില്‍ എട്ടിടത്ത് ടെന്റുകള്‍ നിര്‍മ്മിച്ചു

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം: സൈനികര്‍ക്കായി കിഴക്കന്‍ ലഡാക്കില്‍ എട്ടിടത്ത്  ടെന്റുകള്‍ നിര്‍മ്മിച്ചു


ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന. അതിര്‍ത്തി പ്രദേശങ്ങളിലുള്ള സൈനികര്‍ക്കായി യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം എട്ടിടങ്ങളില്‍ ടെന്റുകള്‍ നിര്‍മിച്ചാണ് ചൈനയുടെ പ്രകോപനം.

ടാഷിഗോങ്, മന്‍സ, ഹോട്ട് സ്പ്രിങ്‌സ്, ചുറുപ്പ് എന്നീ പ്രദേശങ്ങളിലടക്കം എട്ടിടത്താണ് ടെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാമ്പുകള്‍ക്ക് പുറമേയാണ് പുതിയ ടെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ക്വാഡ് ഉച്ചകോടിയിലും യുഎന്‍ പൊതുസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയ്‌ക്കെതിരെ പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി.

ചൈന അടിക്കടി നിലപാടുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിന് പാങ്കോങ് തടാക മേഖലയില്‍ ഉണ്ടായ സംഘടനത്തെ തുടര്‍ന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്നും തര്‍ക്കം രൂക്ഷമായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.