തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ തുടര്‍ച്ചയായുണ്ടാകുന്ന പരാതികളിലും കൊഴിഞ്ഞുപോക്കിലും അതൃപ്തിയുമായി ഹൈക്കമാന്‍ഡ്. പുന:സംഘടനയിലടക്കം എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കെപിസിസി നേതൃത്വത്തിന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദ്ദേശം നല്‍കി.
എന്നാൽ അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂര്‍ണ സ്വാതന്ത്രം നല്‍കിയ നടപടിയില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട് പോകാനിടയുണ്ട്. മുതിര്‍ന്നവരുടെ മാറ്റത്തിനായി പുതുനേതൃത്വത്തിന് കൈകൊടുത്ത ഹൈക്കമാന്‍ഡ് ഇപ്പോൾ ആകെ വെട്ടിലായി. കെ സുധാകരനും വിഡി സതീശനും അധികാരമേറ്റത് മുതല്‍ തുടങ്ങിയ പരാതിയും പ്രശ്നങ്ങളും ഓരോ ദിവസവും തീരുന്നില്ലെന്ന് മാത്രമല്ല, രൂക്ഷമാകുകയുമാണ്.
എന്നാൽ പൊതുവിലുയരുന്ന വിമര്‍ശനം നേതൃത്വത്തിന്റെ ഏകാധിപത്യശൈലിക്കെതിരെയാണ്. ഒപ്പമുള്ളവരെ ഡിസിസി പുന:സംഘടനയില്‍ അവഗണിച്ചതിലായിരുന്നു ഉമ്മന്‍ചാണ്ടിയുടയും ചെന്നിത്തലയുടയും അമര്‍ഷം. സൈബര്‍ യുദ്ധം നടത്തി പ്രസിഡണ്ട് സ്ഥാനത്തുനിന്നും ഇറക്കിയതില്‍ തുടങ്ങി ഡിസിസി പുനസംഘടനാ ചര്‍ച്ചക്ക് 20 മിനുട്ട് സ്ലോട്ട് തന്നതിലടക്കമാണ് മുല്ലപ്പള്ളിയുടെ രോഷം. ചര്‍ച്ചയില്ലാത്തതും പ്രവര്‍ത്തകസമിതിയില്‍ പരിഗണിക്കാത്തതുമാണ് സുധീരന്റെ പ്രശ്നം.
മുതിര്‍ന്ന നേതാക്കളുടെ പരാതികള്‍ ആദ്യഘട്ടത്തില്‍ തള്ളിയ എഐസിസിക്കും ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ശൈലിയില്‍ സംശയങ്ങളുണ്ട്. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികള്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടായി ഡൽഹിക്ക് കൈമാറും.
സെമികേഡറാകാനുള്ള മാര്‍ഗരേഖ രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്യാതിരുന്നതും അച്ചടക്കം അടിച്ചേല്പിക്കാന്‍ ശ്രമിച്ചതും ഗ്രൂപ്പിന്റെ പേരില്‍ മുതിര്‍ന്നവരെ തഴഞ്ഞതുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. കെപിസിസിക്ക് പൂര്‍ണ പിന്തുണ നല്‍കിയ കെസി വേണുഗോപാലും സമ്മര്‍ദ്ദത്തിലായി. ഇനി കാര്യങ്ങള്‍ സുധാകരനും സതീശനും എളുപ്പം തീരുമാനിക്കാനാകില്ല. എല്ലാവരെയും കേട്ട് മുന്നോട്ട് പോകണമെനനാണ് താരിഖ് അന്‍വര്‍ നല്‍കിയ നിര്‍ദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.