ന്യൂഡല്‍ഹി: അനധികൃതമായി പണം സമ്പാദിക്കുന്ന പൊലീസുകാരെ ജയിലിലടയ്ക്കണമെന്ന് ചീഫ് ജസ്റ്റസ് എന്‍.വി രമണ. സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയോട് കൂട്ടുചേര്‍ന്ന് അനധികൃതമായി പണം സമ്പാദിക്കുന്ന പൊലീസുകാരെ യാതൊരുതരത്തിലും സംരക്ഷിക്കാന്‍ പാടില്ലെന്നും എന്‍.വി രമണ പറഞ്ഞു.
ഛത്തീസ്ഗഢ് മുന്‍ ഡി.ജി.പി ഗുര്‍ജീന്ദര്‍ പാല്‍ സിംഗിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് പൊലീസുകാരുടെ രാഷ്ട്രീയ പക്ഷം ചേരലിനെയും അനധികൃത ധനസമ്പാദനത്തെയും വിമര്‍ശിച്ചത്. ഗുര്‍ജീന്ദര്‍ പാല്‍ സിംഗിന് സംരക്ഷണം നല്‍കാനാകില്ലെന്നും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഇദ്ദേഹം അനധികൃത ധന സമ്പാദനം നടത്തിയെന്നും ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്. ഇത്തരം പൊലീസുകാര്‍ ഭരണമാറ്റം വരുമ്പോൾ വേട്ടയാടപ്പെടുന്നതിന് കാരണം കാലം കണക്ക് ചോദിക്കുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തവണ കൂടി സിംഗിന് മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിംഗ് ജയിലില്‍ പോകട്ടെയെന്ന് ബെഞ്ച് മറുപടിയേകി. എന്നാൽ പിന്നീട് ജാമ്യം അനുവദിച്ചു.
സമാനമായ രണ്ട് കേസില്‍ സിംഗ് നിലവില്‍ ജാമ്യത്തിലാണ്. അടുത്ത മാസം ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 26ന് കേസ് പരിഗണിച്ചപ്പോള്‍ 'ഭരണപ്പാര്‍ട്ടിയുടെ പ്രീതി പിടിച്ച് പറ്റാന്‍ പ്രതിപക്ഷ കക്ഷികളെ നിയമം ദുരുപയോഗം ചെയ്ത് ഉപദ്രവിക്കുന്ന പൊലീസ് നടപടിയെ" കോടതി വിമര്‍ശിച്ചിരുന്നു.
1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഗുര്‍ജീന്ദര്‍ പാല്‍ സിംഗ്. എന്നാൽ താന്‍ ബി.ജെ.പി അനുഭാവിയാണെന്ന് കണ്ട് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പകപോക്കുന്നുവെന്നാണ് ഗുര്‍ജീന്ദറിന്റെ ആരോപണം.
അഴിമതി നിരോധന നിയമം ഉള്‍പ്പടെയുള്ള രാജ്യദ്രോഹക്കുറ്റം കുറ്റം ചുമത്തിയാണ് ആന്റി കറപ്ഷന്‍ ബ്യൂറോയും ഇക്കണോമിക്സ് ഒഫന്‍സ് വിംഗും ഗുര്‍ജീന്ദറിനെതിരെ കേസെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.