മോന്‍സണിന്റെ കേസില്‍ അനാവശ്യ പരാമര്‍ശം; തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഹൈബി ഈഡന്‍

മോന്‍സണിന്റെ കേസില്‍ അനാവശ്യ പരാമര്‍ശം; തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഹൈബി ഈഡന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡന്‍ എം പി. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ താന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോന്‍സണിന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

പ്രവാസി മലയാളി ഫെഡറേഷന്‍ ക്ഷണിച്ചത് അനുസരിച്ചാണ് മോന്‍സന്റെ വീട് സന്ദര്‍ശിച്ചത്. വീട്ടില്‍ മ്യൂസിയം ഉണ്ടെന്നും സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്നാണ് ആദ്യമായും അവസാനമായും മോന്‍സണെ കണ്ടതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല. തന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് നല്‍കും. തട്ടിപ്പിന് ഇരയായവരോട് സഹതാപമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെക്കുറിച്ചു അവ്യക്തമായ കാര്യങ്ങള്‍ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. സാമ്പത്തിക ക്രമക്കേടില്‍ പൊതു രംഗത്തുള്ളവരെ വലിച്ചിഴയ്ക്കുമ്പോള്‍ സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ഉള്ളതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കേസ് അട്ടിമറിക്കാന്‍ പൊലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോന്‍സണെ പല കാര്യങ്ങളിലും സഹായിച്ചതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.