കൊച്ചി: തന്റെ അപ്പസ്‌തോലിക ദൗത്യം നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ദിവ്യബലി മധ്യേ സഭാ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് അദ്ദേഹത്തിന്റെ ശിഷ്യനായ വൈദികന്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു.
പിതാവിന്റെ പ്രസംഗം ചില പ്രതിലോമ കക്ഷികള്‍ വിവാദമാക്കിയ സാഹചര്യത്തിലാണ് ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരത്ത് സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയനുമായ ഫാ. സോണി മുണ്ടുനടക്കല്‍ പിതാവിന്റെ നിലപാടിനെ ശക്തമായി പിന്തുണച്ച് തുറന്ന കത്തെഴുതിയത്.
ഫാ. സോണി മുണ്ടുനടക്കലിന്റെ കത്തിന്റെ പൂര്‍ണ രൂപം:
അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്,
സ്‌നേഹപൂര്‍വ്വം.....
ശിഷ്യന്‍
ഫാ. സോണി മുണ്ടുനടക്കല്‍.....
ആര്‍ക്കും ആരും നന്നാവുന്നത് കണ്ണില്‍ പിടിക്കാത്ത കാലമാണ്.
നമ്മില്‍ നിന്നും ഒരിക്കല്‍ നന്മ അനുഭവപ്പെട്ടവര്‍ പോലും ഒരു പക്ഷേ നമ്മുടെ നേരെ തിരിഞ്ഞേക്കാം...
വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ചെവി കൊടുക്കാതെ നല്ലത് തുടര്‍ന്നുകൊണ്ടേയിരിക്കണം..
ഫലങ്ങള്‍ ഉള്ള മരത്തിലേക്ക് മാത്രമേ കല്ല് എറിയപ്പെടുകയുള്ളൂ...
നന്മകള്‍... നന്മകളായി തന്നെ തുടരുക....
സ്നേഹം നിറഞ്ഞ പിതാവേ,
എന്നെ വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരിയില്‍ വച്ച് പൗരസ്ത്യ വിദ്യാപീഠത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ അങ്ങ് എഴുതിയ 'ദൈവശാസ്ത്രത്തിന്റെ ആമുഖം ' എന്ന ഗ്രന്ഥം വാങ്ങി വായിച്ചപ്പോള്‍ (2001) മനസിലായി കല്ലറങ്ങാട്ട് ജോസഫ് അച്ചന്‍ ആരാണ് എന്നത്.
സഭാ ശാസ്ത്രം പഠിച്ചപ്പോള്‍ പറഞ്ഞുതന്നു 'ആബേല്‍ മുതല്‍ സകല നീതിമാന്മാരും അടങ്ങുന്നതാണ് സഭ... അത് രക്തസാക്ഷികളുടെ രക്തത്താല്‍ കുതിര്‍ന്ന് വളര്‍ന്നതാണെന്ന്...പിതാവ് പഠിപ്പിക്കുക മാത്രമല്ല ചെയ്തത്. പ്രവര്‍ത്തികമാക്കുകയും കൂടി ചെയ്യുകയായിരുന്നു.
യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് പോലെ (2/13) 'പ്രവര്‍ത്തി കൂടാതെയുള്ള വിശ്വാസം ചത്തതാണ്'.
പിതാവിന്റെ വിശ്വാസവും പ്രവര്‍ത്തിയും ഇപ്പോള്‍ ഒന്നായി തീര്‍ന്നിരിക്കുന്നു. അഭിനന്ദനങ്ങള്‍ പിതാവേ, അവിടുത്തെ ശിഷ്യനായി തീരുവാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. കഴിഞ്ഞ വര്‍ഷം (2020) വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ ഭരണങ്ങാനത്തുവച്ച് പിതാവ് പറഞ്ഞ വചനസന്ദേശം ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്.
അത് ഇപ്രകാരം ആണ് 'ഫ്രാന്‍സിസ് അസ്സീസിയ്ക്ക് ദൈവത്തിന്റെ വിളി ലഭിക്കുന്നു. ആ സ്വരം ഇതായിരുന്നു. വളരെ ജീര്‍ണ്ണതയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന എന്റെ സഭയെ നന്നാക്കിയെടുക്കുക എന്ന്'.
സഭയില്‍ നിന്നും കുഞ്ഞു മക്കള്‍ ജീര്‍ണ്ണിച്ച് പോകുന്നത് കണ്ട് വേദനിച്ച പിതാവ് ശക്തമായ രീതിയില്‍ ശാസിച്ചു. കുടുംബത്തിലെ അപ്പന് മക്കളെ ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ട്. മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പിതാവ് നടത്തിയ ഈ ശാസനം ഇപ്പോഴെങ്കിലും നടത്തിയില്ലായിരുന്നെങ്കില്‍ നമ്മുടെ സഭയിലെ മക്കളുടെ വലിയ നാശം കാണേണ്ടി വരുമായിരുന്നു.
പിതാവിന് പരിശുദ്ധ ദൈവമാതാവിന്റെ വലിയ സംരക്ഷണം ഉണ്ട്. അമ്മയുടെ ജനന പെരുനാള്‍ ദിനത്തില്‍ മിശിഹാ നല്‍കിയ വെളിപാടായിരുന്നു ഈ ശബ്ദം. ഇത് പ്രവാചക ശബ്ദം തന്നെ.
പ്രവാചകനാകുക എന്നത് ഇന്നത്തെ കാലത്ത് ദുഷ്‌കരം തന്നെ. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ' ആനന്ദത്തിന്റെ സാക്ഷികള്‍' എന്ന അപ്പോസ്‌തോലിക ലേഖനത്തില്‍ പറയുന്നു 'പ്രവാചകനായിരിക്കുക എന്ന ദൗത്യം ഒരുവനില്‍ നിന്ന് ഏറെ ആവശ്യപ്പെടുന്നതും ക്ഷീണമുളവാക്കുന്നതും ഫലരഹിതമെന്നു തോന്നാവുന്നതുമകയാല്‍ ചിലപ്പോള്‍ ഏലിയയെയും യോനായെയും പോലെ, ഒഴിഞ്ഞു മാറുവാനുള്ള ഈ പ്രലോഭനം, ആ ദൗത്യം ഉപേക്ഷിക്കുവാനുള്ള പ്രലോഭനം, നിങ്ങള്‍ക്ക് അനുഭവിക്കപ്പെട്ടേക്കാം. എന്നാല്‍ തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് പ്രവാചകര്‍ അറിയുന്നു.
ജെറമിയായെ എന്നതുപോലെ ദൈവം നമ്മെയും പ്രോത്സാഹിപ്പിക്കുന്നു. 'നീ അവരെ ഭയപ്പെടേണ്ട നിന്റെ രക്ഷയ്ക്ക് നിന്നോട് കൂടെ ഞാനുണ്ട്' (ജറ 1/8). മാര്‍പ്പാപ്പയുടെ വാക്കുകള്‍ക്കപ്പുറത്ത് വേറെ വാചകങ്ങള്‍ ആവശ്യമില്ല.
കല്ലറങ്ങാട്ട് പിതാവ് പ്രവാചകന്‍ തന്നെ...
ഒളിച്ചോടാന്‍ ശ്രമിക്കാത്ത പ്രവാചകന്‍.
ദൈവത്തിന്റെ കല്പനയില്‍ മുറുകെ പിടിച്ച് ദൈവത്തിന്റെ സ്വരം മാത്രം ശ്രദ്ധിച്ച് പറഞ്ഞ വാക്കുകള്‍....പ്രവാചകന് ഒരു വാക്ക് മാത്രം....മാറ്റി പറയുന്ന രീതി ഇല്ല....കല്ലറങ്ങാട്ട് പിതാവ് കുടുംബത്തിലെ മക്കളോട് പറഞ്ഞത് ദീര്‍ഘനാളത്തെ പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെ നോമ്പിന്റെയും ചൈതന്യത്തിലാണ്.
ജറാമിയായ്ക്ക് ലഭിച്ച വെളിപാട് പിതാവിന് വലിയ ശക്തി നല്‍കുന്നു. 'ഭയപ്പെടേണ്ട നിന്നോട് കൂടെ ഞാനുണ്ട്'.
'സുവിശേഷത്തിന്റെ ആനന്ദം' എന്ന അപ്പോസ്തലിക ആഹ്വാനത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉദ്ധരിച്ച എമിരത്തൂസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍ 'മത പരിവര്‍ത്തനം കൊണ്ടല്ല സഭ വളരുന്നത്, മറിച്ച് ആകര്‍ഷണം കൊണ്ടാണ്'.
ശ്രേഷ്ഠാചാര്യനായ കല്ലറങ്ങാട്ട് എന്നും തിരുസഭയ്ക്ക് ആകര്‍ഷണം തന്നെ. അറിയപ്പെടുന്ന ദൈവ ശാസ്ത്രജ്ഞന്‍.... പഠിച്ച്, ധ്യാനിച്ച് മാത്രം വചനം വിളമ്പുന്ന ശ്രേഷ്ട പുരോഹിതന്‍.... നിരവധി ശിഷ്യ ഗണങ്ങളുടെ ഉടമ.... പൗരോഹിത്യത്തിലേയ്ക്ക് അനേകരെ ഒരുക്കിയെടുത്ത ആചാര്യന്‍....
വന്ദ്യ പിതാവിന് അനേകരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ട്.... പിതാവിന്റെ ശബ്ദം ഇനിയും ഉയരണം.... പ്രവാചക ശബ്ദത്തിനായി കാത്തിരിക്കുന്നു... പഠന കാലഘട്ടത്തിലും അതുപോലെ ഇന്നും പിതാവിന്റെ സ്വരം - ശബ്ദം കേള്‍ക്കുവാന്‍ ഒരുങ്ങി കാത്തിരിക്കുമായിരുന്നു.
ഒറ്റ ശബ്ദം.... ഒറ്റ നിലപാട്.... മാറ്റമില്ല..... മാറ്റിപ്പറയുവാന്‍ രാഷ്ട്രീയക്കാരനല്ല..... ഇത് പ്രവാചക ശബ്ദമാണ്... വിശ്വാസമാണ്.... സത്യം പറയുന്നിടത്ത് മാപ്പിന്റെ ആവശ്യമില്ല.
പിതാവ് 2020 ഏപ്രില്‍ 10 ദുഃഖവെള്ളിയാഴ്ച സഭയുടെ പത്രമായ ദീപികയില്‍ എഴുതിയ എച്ചേഹോമോ (Ecce Homo) എച്ചേ ദേവൂസ് (Ecce Deus) എന്ന ലേഖനം ഓര്‍ക്കുന്നു.
നമുക്ക് കുരിശിനോട് ചേര്‍ന്ന് നില്‍ക്കാം. ശരീരികമായിട്ട് മാത്രമല്ല എനിക്ക് എന്റെ പ്രയാസങ്ങളും കുരിശുകളും അല്ല പ്രധാനപ്പെട്ടത്. ഈശോയുടെ കുരിശ് ആണ്. അതിനാല്‍ വേദനയല്ല വിശ്വാസമാണ്. ഈശോയുടെ കുരിശിലുള്ള വിശ്വാസമാണ് പരമ പ്രധാനം.
പിതാവിന്റെ അടിയുറച്ച വിശ്വാസം അത് ലേഖനങ്ങളിലും പ്രഭാഷങ്ങളിലും സംസാരങ്ങളിലും അനുഭവിക്കുവാന്‍ കഴിഞ്ഞ ശിഷ്യനാണ്. പിതാവിനെ പലരും ക്രൂശിക്കുമായിരിക്കും. വേദനിപ്പിക്കുവാന്‍ ശ്രമിക്കും. ആക്ഷേപങ്ങള്‍ ഉന്നയിക്കും. ഇവിടെ ഒന്നും പതറാതെ തകരാതെ കല്ലറങ്ങാട്ട് പിതാവ് നില്‍ക്കും എന്ന് എനിക്ക് ഉറപ്പാണ് .
കാരണം പിതാവിന്റെ കൂടെ ദൈവം ഉണ്ട്. കുരിശിന്റെ ചുവട്ടില്‍ നിന്ന അമ്മ സങ്കടങ്ങളുടെ അമ്മ മാത്രമല്ല പ്രത്യേകിച്ച് പ്രത്യാശയുടെ അമ്മ കൂടിയത്രെ (Mater Spei). ഈ പ്രത്യാശ വലിയൊരു അഗ്‌നിയാണ്. നമുക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്വ ബോധമാണത്. ഈ പ്രത്യാശയിലാണ് ദൈവമാതാവിന്റെ ജനന പെരുനാളില്‍ എട്ടുനോമ്പ് സമാപനത്തില്‍ അഗ്‌നിയായി മാറിയത്.
പിതാവ് എഴുതിയത്‌പോലെ Ecce Deus - ഇതാ ദൈവം, നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ എന്ന്.അതേ പിതാവേ, പിതാവിന്റെ ഉള്ളില്‍ ദൈവമാണ് ഭരിക്കുന്നത്.
'ഈശോയെ ക്രൂശിക്കുക..
ബറാബാസിനെ വിട്ടുതരിക' എന്ന ശബ്ദം ലോകത്തുണ്ട്..ബറാബാസുമാറുടെ എണ്ണം വല്ലാതെ കൂടുന്ന കാലം. ബറബാസുമാര്‍ വന്നാല്‍ എല്ലാം തകര്‍ക്കും. ഇതിന്റെയൊക്കെ നടുവില്‍ ശക്തനായി നിന്ന എന്റെ ഗുരുവായ കല്ലറങ്ങാട്ട് പിതാവിന് അഭിനന്ദനങ്ങള്‍...
സ്‌നേഹത്തോടെ...
ഫാ. സോണി മുണ്ടുനടക്കല്‍
തിരുവനന്തപുരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.