വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ഒളിമ്പ്യൻ ശ്രീജേഷ് ചുമതലയേറ്റു

വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ഒളിമ്പ്യൻ ശ്രീജേഷ് ചുമതലയേറ്റു

തിരുവനന്തപുരം:  ടോക്യോ ഒളിമ്പിക്സ് ഹോക്കി മെഡൽ ജേതാവ് ശ്രീജേഷ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. പുതിയ പദവി കൂടുതല്‍ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും പി ആര്‍ ശ്രീജേഷ് പറഞ്ഞു.

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് ജോയിന്‍റ് ഡയറക്ടറായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും കൂടുതല്‍ താരങ്ങൾ ഒളിമ്പിക്സിൽ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ശ്രീജേഷ് കൂട്ടിച്ചേർത്തു. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളില്‍ ടര്‍ഫുകള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒളിമ്പിക്സിൽ മെഡൽ ജേതാവായ ശേഷം അദ്ദേഹത്തി‌‌ന്റെ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹത്തിന്റെ തസ്തിക ജോയിന്റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആൻഡ് സ്പോര്‍ട്സ്) ആയി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ശ്രീജേഷിനെ സ്വീകരിച്ചത്. ഇന്ന് രാവിലെ തിരുവന്തപുരത്തെത്തിയ പി ആര്‍ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.


"കേരളത്തിന്റെ അഭിമാനമായ ഹോക്കി താരം പി ആര്‍ ശ്രീജേഷ് ഓഫീസില്‍ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിന്റെതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു". ശ്രീജേഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയെ കണ്ടശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്വീകരണ ചടങ്ങില്‍ പി ആര്‍ ശ്രീജേഷ് പങ്കെടുത്തു. മന്ത്രി വി ശിവന്‍കുട്ടിയുടെ നേത‌ത്വത്തില്‍ ശ്രീജേഷിനെ ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.