നേവിസ് കടന്ന് പോയത് അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്; വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് മന്ത്രി വീണാ ജോര്‍ജ്

നേവിസ് കടന്ന് പോയത് അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്; വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അവയവ ദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള കുടുബാംഗങ്ങളുടെ തീരുമാനം മാതൃകാപരമാണെന്നും ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്. നേവിസിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. അച്ഛന്‍ സാജന്‍ മാത്യു, അമ്മ ഷെറിന്‍, സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രി വീണ ജോര്‍ജ് കണ്ടു. നേവിസിന് മന്ത്രി അന്ത്യാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനും മന്ത്രി വീണയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് നേവിസിന്റെ അവയവങ്ങള്‍ കുടുംബം ദാനം ചെയ്തത്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്) വഴിയാണ് അവയവദാനം നടത്തിയത്.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയ നേവിസിനെ എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. സെപ്തംബര്‍ പതിനാറിനായിരുന്നു ഈ സംഭവം. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്നം.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെ നേവിസിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.