ഉറിയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന് പരിശീലനം നല്‍കിയത് പാക് സൈനിക ഉദ്യോഗസ്ഥര്‍; ക്യാമ്പില്‍ നിന്ന് ലഭിച്ചത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം

ഉറിയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന് പരിശീലനം നല്‍കിയത് പാക് സൈനിക ഉദ്യോഗസ്ഥര്‍; ക്യാമ്പില്‍ നിന്ന് ലഭിച്ചത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം

ശ്രീനഗര്‍: ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമത്തില്‍ പിടികൂടിയ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനില്‍ നിന്ന് സൈന്യത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. പാകിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥരാണ് തനിക്ക് ഭീകര പ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് അലി ബാബര്‍ പട്രയെന്ന പത്തൊമ്പതുകാരന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ഇസ്ലാം അപകടത്തിലാണെന്ന സന്ദേശമാണ് ക്യാമ്പില്‍ പറഞ്ഞു തന്നത്. കശ്മീരിലെ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുകയാണെന്ന് ഭീകര പരിശീലനത്തിനിടെ ബോധിപ്പിച്ചതായും അലി ബാബര്‍ പറഞ്ഞു. ബാരാമുള്ളയില്‍ ആയുധങ്ങള്‍ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും കുടുംബത്തിലെ പട്ടിണി മൂലമാണ് ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു.

പിതാവിന്റെ പെട്ടെന്നുള്ള മരണം അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ദാരിദ്ര്യത്തിലാഴ്ത്തി. സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയതോടെ ലഷ്‌കര്‍-ഇ-ത്വയ്ബയില്‍ ചേര്‍ന്നു. 2019 ല്‍ ഗാര്‍ഗി ഹബിബുള്ള ക്യാമ്പില്‍ മൂന്നാഴ്ചത്തെ പ്രാഥമിക പരിശീലനം ലഭിച്ചു. പിന്നീട് 2021 ല്‍ റിഫ്രഷര്‍ ട്രയിനിങും ലഭിച്ചു. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനത്തിനായി പ്രധാനമായും ക്യാമ്പിലുണ്ടായിരുന്നതെന്നും അലി ബാബര്‍ പറഞ്ഞു.

മാതാവിന്റെ ചികിത്സക്കായി 20,000 രൂപ ലഭിച്ചു. ബാരാമുള്ളയില്‍ ആയുധങ്ങള്‍ എത്തിക്കുക എന്ന ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയാല്‍ 30,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ഇന്ത്യന്‍ സൈന്യം വധിച്ചതോടെ അലി ബാബര്‍ കീഴടങ്ങുകയായിരുന്നു. നാല് പേര്‍ പാകിസ്താനിലേക്ക് തിരിച്ചോടിയതായും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അലി ബാബര്‍ ഉള്‍പ്പെടെ ഏഴ് പേരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം ഇതുവരെ തടഞ്ഞത്. സെപ്റ്റംബര്‍ 18 മുതലായിരുന്നു ഇത്തരം നീക്കങ്ങളുടെ തുടക്കം. രാത്രി കാലങ്ങള്‍, മോശം കാലാവസ്ഥ, കഠിനമായ പാതകള്‍ എന്നീ സാഹചര്യങ്ങളിലാണ് പ്രധാനമായും നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.