ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. എനിക്കും നിങ്ങള്‍ക്കും സ്വന്തമായ ഹൃദയത്തിനായി ഒരു ദിനം. നമ്മുടെ ഹൃദയത്തിലേയ്ക്ക് നോക്കി പുഞ്ചിരിക്കാനുള്ള ദിനം. മനുഷ്യരില്‍ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് വലിയ വര്‍ധനനവാണ് സൃഷ്ടിക്കുന്നത്. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഹൃദ്രോഗം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സര്‍വ സാധാരണമാണ്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക ഹൃദയ ഫൗണ്ടേഷനാണ് ലോക ഹൃദയ ദിനം ആചരിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചത്. ഹൃദ്രോഗത്തിന്റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മുന്‍കരുതല്‍ നടപടികളെടുക്കാനും മുന്നിട്ടിറങ്ങിയത് ലോക ഹൃദയ ഫൗണ്ടേഷനാണ്.
ഉയര്‍ന്ന രക്ത മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം, പുകവലി തുടങ്ങിയവകൊണ്ട് ഉണ്ടാകാവുന്ന കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരില്‍ കോവിഡ് മൂലമുള്ള മരണ സാധ്യത രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍ ഹൃദ്യോഗികളില്‍ അത് 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി മറ്റു രാജ്യങ്ങളില്‍ ഉള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെയാണ് മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് നാല് ശതമാനത്തില്‍ കുറവാണ്. എന്നാല്‍ കോവിഡ് കാലത്ത് ഇതിന്റെ തോത് ഇരട്ടിയാണ്.
കൊറോണ വൈറസ് രണ്ട് വിധമാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. നിലവില്‍ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂര്‍ച്ഛിപ്പിച്ച് ഹാര്‍ട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാര്‍ഡിയോജനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളി വിടുന്നു. മറ്റൊന്ന് ഹൃദയ സംബന്ധമായ യാതൊരു രോഗവുമില്ലാത്തവരില്‍ ഹൃദയാഘാതമുണ്ടാക്കുന്നു.
ഹൃദ്രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത ഒരു പോലെയാണങ്കിലും രോഗം ഉള്ളവരില്‍ സങ്കീര്‍ണതകള്‍ കൂടുതലാകാം എന്നുള്ളതുകൊണ്ട് ഹൃദ്രോഗികള്‍ ഏറെ ശ്രദ്ധിക്കണം.
2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect) എന്നാണ്. ഇപ്പോള്‍ പ്രബലമായിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക. ഹൃദയപൂര്‍വം ഓരോ ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കുക (Use Heart to connect every Heart).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.