സിദ്ദുവിന് ഐക്യദാര്‍ഢ്യം: രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സിദ്ദുവിന് ഐക്യദാര്‍ഢ്യം: രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

അമൃത്സര്‍: നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ മറ്റ് രണ്ട് മന്ത്രിമാരും രാജിവെച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിങ്ങുമാണ് രാജി സിദ്ദുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജി വെച്ചത്. പഞ്ചാബ് പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. ഛരണ്‍ജിത് സിങ് ഛന്നി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാര്‍ രാജിവെച്ചിരിക്കുന്നത്. സിദ്ദുപക്ഷത്തെ കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

സിദ്ദുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജിവെച്ചതെന്ന് റസിയ സുല്‍ത്താന പറഞ്ഞു. സിദ്ദു പഞ്ചാബിനു വേണ്ടി പോരാടുകയാണ്. അദ്ദേഹം ധാര്‍മികതയുള്ള മനുഷ്യനാണെന്നും റസിയ പറയുന്നു. റസിയ രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു.

മന്ത്രിമാരെ തീരുമാനിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചാണ് സിദ്ദു രാജിവെച്ചത്. ഒത്തുതീര്‍പ്പിന് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രാജിക്കത്തില്‍ പറയുന്നു. അമരീന്ദര്‍ സിങ് രാജി വെച്ചപ്പോള്‍ തനിക്ക് അധികാരം ലഭിക്കുമെന്ന് സിദ്ദു കരുതിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വകുപ്പുകള്‍ നിശ്ചയിച്ചപ്പോള്‍ സുഖ്ജീന്ദര്‍ സിങ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിര്‍ത്തിരുന്നു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായിരുന്നു. തുടര്‍ന്നാണ് സിദ്ദു രാജിവെച്ചത്. രാജിവെച്ച ശേഷം നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സിദ്ദു തയ്യാറായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.