വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണം: ഇന്ത്യയ്ക്ക് കത്തെഴുതി താലിബാന്‍

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണം: ഇന്ത്യയ്ക്ക് കത്തെഴുതി താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി താലിബാന്‍ ഭരണകൂടം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്.

ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയ വിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

അഫ്ഗാന്‍ സൈന്യം കാബൂളില്‍ പ്രവേശിച്ച സമയം മുതല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. സെപ്റ്റംബര്‍ ഏഴാം തിയതി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്ഥാനുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.