സെമി കേഡര്‍: സിയുസികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട്

സെമി കേഡര്‍:  സിയുസികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട്

പാലക്കാട്: കോൺ​ഗ്രസ് പാർട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾക്ക് കോൺഗ്രസ് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും.
പാലക്കാട് കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ രാവിലെ ഒമ്പതിന് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഉദ്ഘാടനം നിർവഹിക്കുക. കോൺ​ഗ്രസ് പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്ക് മാറണമെന്ന തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചത് സുധാകരനാണ്.

പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് ഒന്നേകാല്‍ ലക്ഷം സിയുസികള്‍ തുടങ്ങുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം.

അതിനിടെ കെപിസിസി പുന:സംഘടന ഒക്ടോബര്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും ഡൽഹിയിൽ പോകും. ഒന്‍പത്, പത്ത് ദിവസങ്ങളില്‍ ഹൈക്കമാന്‍‍ഡുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകള്‍ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.

ഡൽഹി യാത്രക്ക് മുമ്പ് സതീശനും സുധാകരനും സംസ്ഥാനത്ത് ചര്‍ച്ച നടത്തും. പല മുതിര്‍ന്ന നേതാക്കളും പരാതി ഉന്നയിച്ച സാഹചര്യത്തില്‍ എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം കൂടി പരിഗണിക്കും. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും എല്ലാവരെയും ഒരുമിച്ച്‌ കൊണ്ട് പോകണമെന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ആവശ്യമായ ച‍ര്‍ച്ചകള്‍ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.