ന്യൂഡല്‍ഹി: നേരിട്ട് സ്പര്‍ശിക്കാതെയുള്ള പീഡനവും പോക്സോ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി ദേശിയ വനിതാ കമ്മിഷനും അറ്റോര്‍ണി ജനറലും. വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന് നിലപാടെടുത്ത് ബോംബെ കോടതി പ്രതിയെ വിട്ടയച്ച കേസിലാണ് ദേശിയ വനിതാ കമ്മിഷനും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും നിലപാടറിയിച്ചത്.
കഴിഞ്ഞ ജനുവരിയിലാണു വസ്ത്രത്തിന് പുറത്ത് കൂടി സ്പര്‍ശിച്ചത് പീഡനമായി കണക്കാക്കാനാവില്ലെന്ന വിവാദ നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പോക്സോ കേസിലെ പ്രതിയെ വിട്ടയച്ചത്. എന്നാല്‍ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
പോക്സോ നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണു ബോംബെ ഹൈക്കോടതി നടത്തിയതെന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. പോക്സോ നിയമം കുട്ടികളെ സംരക്ഷിക്കാനുള്ള പ്രത്യേക നിയമമാണ്. കയ്യുറ ധരിച്ചു പീഡനം നടത്തുന്നയാളെ കുറ്റവിമുക്തനാക്കണമെന്നു പറയും പോലെയാണ് വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ പീഡനം കുറ്റമായി കാണാനാകില്ലെന്ന വിധിയെന്ന് അദ്ദേഹം പറഞ്ഞു.
12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 39 വയസുകാരന് മൂന്ന് വര്‍ഷം തടവുശിക്ഷ നല്‍കിയ സെഷന്‍സ് കോടതി വിധി നാഗ്പുര്‍ ബെഞ്ച് റദ്ദാക്കിയത് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയ്ക്കു വഴിതെളിച്ചിരുന്നു. നേരിട്ടുള്ള സ്പര്‍ശനത്തിനു തെളിവില്ലാത്തതിനാല്‍ ശിക്ഷ ഒരു വര്‍ഷം തടവു മാത്രമാക്കി ചുരുക്കിയതാണ് വിവാദമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.