മോന്‍സന്റെ ബിനാമി ഇടപാടിലും സംശയം; അന്വേഷണം തൃശൂര്‍ സ്വദേശിയായ സുഹൃത്തിലേക്കും

മോന്‍സന്റെ ബിനാമി ഇടപാടിലും സംശയം; അന്വേഷണം തൃശൂര്‍ സ്വദേശിയായ സുഹൃത്തിലേക്കും

തൃശൂര്‍: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീളുന്നു. കാച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമയുമായി ചേര്‍ന്നു പുരാവസ്തു കച്ചവടം നടത്തിയതിനെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നിരുന്നുയ.

കോഴിക്കോട് സ്വദേശി യാക്കൂബിനു പത്ത് കോടി രൂപയുടെ വായ്പ നല്‍കാമെന്നു മോന്‍സണ്‍ വാഗ്ദാനം ചെയ്തത് ഈ സ്ഥാപന ഉടമ വഴിയായിരുന്നെന്നാണു വിവരം. വ്യാജ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ സഹായിച്ചത് തൃശൂരിലെ സുഹൃത്താണെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു വിഹിതം സുഹൃത്തിനും നല്‍കിയതായാണ് സംശയിക്കുന്നത്. ഇതുപയോഗിച്ചു കമ്പനിയുടെ കൂടുതല്‍ ശാഖകള്‍ തുടങ്ങിയിരുന്നു.

പറവട്ടാനിയില്‍ കഴിഞ്ഞ മാസം തുടങ്ങിയ പുതിയ സ്ഥാപനത്തില്‍ മോന്‍സണിന്റെ പണം കൂടി നിക്ഷേപിച്ചിട്ടുണ്ടോ എന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിനു മുഴുവന്‍ സമയവും മോന്‍സണ്‍ ഉണ്ടായിരുന്നു. മാന്ദാമംഗലം സ്വദേശിയായ ഈ സുഹൃത്ത് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

നിരോധിച്ച നോട്ട് മാറ്റിയെടുക്കാന്‍ ആലപ്പുഴയ്ക്കു പോകുംവഴി അറസ്റ്റിലായതടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കയറ്റുമതി ഏജന്‍സിയുള്ള ഇയാള്‍ വഴി ഒട്ടേറെ സാധനങ്ങള്‍ വിദേശത്തേക്കു കടത്തിയതായും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.