'നയാ പൈസയില്ല... കൈയ്യിലൊരു നയാ പൈസയില്ല': ക്രൈംബ്രാഞ്ചിനോട് മോന്‍സണ്‍ 'മൊതലാളി'യുടെ മൊഴി

'നയാ പൈസയില്ല... കൈയ്യിലൊരു നയാ പൈസയില്ല': ക്രൈംബ്രാഞ്ചിനോട് മോന്‍സണ്‍ 'മൊതലാളി'യുടെ മൊഴി

കൊച്ചി: നഞ്ചു വാങ്ങി തിന്നാന്‍ പോലും കൈയ്യിലില്‍ നയാ പൈസ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍. മറ്റുള്ളവരോട് വാങ്ങിയ പണമെല്ലാം ധൂര്‍ത്തടിച്ചെന്നും തന്റെ അക്കൗണ്ടില്‍ ഇരുനൂറ് രൂപയില്‍ താഴെ മാത്രമാണുള്ളതെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

സ്വകാര്യ സുരക്ഷയ്ക്കുള്‍പ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരും. വീട്ടുവാടക മാസം അന്‍പതിനായിരം രൂപയും വൈദ്യുതി ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയുമാണ്. തട്ടിപ്പുപണംകൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി.

പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്‍കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബിഎംഡബ്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. പാസ്‌പോര്‍ട്ടില്ലാതെ പ്രവാസി സംഘടനാ രക്ഷാധികാരിയായ താന്‍ 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് പറഞ്ഞത് വെറും തളളായിരുന്നുവെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

മോണ്‍സന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പു വരുത്താനാണിത്.  ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെ റെയ്ഡില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കള്‍ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ തട്ടിപ്പിനിരയായവരെ കേസില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റിസര്‍വ് ബാങ്ക് തടഞ്ഞു വെച്ചിരിക്കുന്ന ശതകോടികള്‍ കിട്ടിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസുകാരന്‍ താനാണെന്നും കേസ് കൊടുക്കും മുമ്പ് അക്കാര്യം ഓര്‍ക്കണമെന്നുമാണ് മോന്‍സണ്‍ ഇവരോട് പറയുന്നത്.

കേന്ദ്ര സര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനത്തെക്കുറിച്ച് പറഞ്ഞാണ് മോന്‍സണ്‍ പരാതിക്കാരെ പിന്‍തിരിക്കാന്‍ മറ്റൊരു ശ്രമം നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്ക് പോലുമില്ലാത്തെ ഡിപ്ലോമാറ്റിക് സൗകര്യം തനിക്കുണ്ടെന്നാണ് തള്ള്. പണം നല്‍കിയവരെ ചൊല്‍പ്പടിക്കുനിര്‍ത്താനാണ് മോന്‍സണ്‍ ഈ തന്ത്രങ്ങള്‍ പ്രയോഗിച്ചതെന്നാണ് കരുതുന്നത്.

മോണ്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി ഇന്ന് അവസാനിക്കും. വൈകിട്ട് നാലരക്ക് മുമ്പ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതിയുമായി തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളില്‍ പോകേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.