ന്യൂഡല്‍ഹി /സിഡ്‌നി : ഇന്തോ-പസഫിക് മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കം ശക്തമാക്കി ഇന്ത്യ, റോയല്‍ ഓസ്‌ട്രേലിയന്‍ നാവിക സേനകള്‍. ഇതിനായി വിശദമായ ചര്‍ച്ചകള്‍ ലക്ഷ്യമിട്ടുള്ള കരാറില്‍ ഇന്ത്യന്‍ നാവികസേനയും റോയല്‍ ഓസ്‌ട്രേലിയന്‍ നാവികസേനയും ഒപ്പുവച്ചു.
ഓഗസ്റ്റ് 18-ന് ഇന്ത്യന്‍ നാവികസേനയുടെയും റോയല്‍ ഓസ്‌ട്രേലിയന്‍ നാവികസേനയുടെയും (RAN) മേധാവികള്‍ 'ഇന്ത്യ-ഓസ്‌ട്രേലിയ നാവികസേനയ്ക്കുള്ള സംയുക്ത മാര്‍ഗ്ഗനിര്‍ദ്ദേശം' എന്ന രേഖയില്‍ ഒപ്പിട്ടതിന്റെ അനുബന്ധമായി തുടര്‍ ചര്‍ച്ചകള്‍ക്കായുള്ള കരാറില്‍ സെപ്റ്റംബര്‍ 29 ന് ഒപ്പുവച്ചു - പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ഷങ്ങളായി ശക്തിപ്പെട്ടുവരികയാണ്. തന്ത്രപരമായ പങ്കാളിത്തം സമഗ്രമാക്കിക്കൊണ്ടിരിക്കുന്നു. പരസ്പര ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് കരാര്‍, ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ വര്‍ക്ക്‌ഷോപ്പ് എന്നിവയ്ക്കു പുറമേ ക്വാഡ് സഖ്യ സേനകളുടെ മലബാര്‍ നാവിക ശക്തി പ്രകടനത്തിലെ പങ്കാളിത്തവും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുപകരിച്ചു.
ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള എസിഎന്‍എസ് (ഫോറിന്‍ കോ -ഓപ്പറേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ്) പ്രതിനിധിയായി റിയര്‍ അഡ്മിറല്‍ ജസ്വിന്ദര്‍ സിംഗും ഓസ്‌ട്രേലിയന്‍ നാവികസേനയുടെ പ്രതിനിധിയായി ഡെപ്യൂട്ടി ചീഫ് റിയര്‍ അഡ്മിറല്‍ ക്രിസ്റ്റഫര്‍ സ്മിത്തുമാണ് രേഖയില്‍ ഒപ്പുവച്ചതെന്ന് ഇന്ത്യന്‍ നാവികസേനാ വക്താവ് കമാന്‍ഡര്‍ വിവേക് മധ്വാള്‍ അറിയിച്ചു.
ആഴത്തിലുള്ള പരസ്പര ധാരണ, വിശ്വാസം, സുതാര്യത എന്നിവ വര്‍ദ്ധിപ്പിക്കാനും ആശങ്കകളും ഭാവി ദിശകളും പങ്കിട്ട് വിശാല ലക്ഷ്യങ്ങളിലെത്താനും ഈ കരാര്‍ അടിവരയിടുന്നുവെന്ന് ഇന്ത്യന്‍ നാവികസേനാ വക്താവ് പറഞ്ഞു. കൂടാതെ തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉള്‍പ്പെടുന്നു. ചര്‍ച്ചകളുടെ ഫലങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക കരാറുകള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശവുമുണ്ട്. വേഗത്തിലുള്ള സുഗമമായ ആശയവിനിമയത്തിനു രണ്ട് നാവികസേനയും വിവിധ തലത്തിലുള്ള ഇടപെടലുകളുടെ വിശദാംശങ്ങളും രീതികളും നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇന്തോ-പസഫിക്കില്‍ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയില്‍ ഈ രേഖ പ്രാധാന്യമര്‍ഹിക്കുന്നു.
ഇതിനിടെ പസഫിക്കില്‍ ഇന്ത്യ, ഓസ്ട്രേലിയ നാവിക സേനകളുടെ സംയുക്ത പരിശീലന ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ നാവിക മേധാവി സ്റ്റീഫന്‍ വാള്‍ സ്വന്തം ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ഓസ്ഇന്‍ഡക്സ്' എന്ന പേരിലാണ് യുദ്ധസമാന സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചത്.ഇന്ത്യന്‍ മഹാസമുദ്രവും പസഫിക് മഹാസമുദ്രവും ചേര്‍ന്നുള്ള സമുദ്രമേഖലകളിലെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പരിശീലനമായിരുന്നു ഇത്.
അത്യാധുനികമായ തോക്കുകള്‍, കപ്പലില്‍ നിന്നും ഉപയോഗിക്കുന്ന വിമാനവേധ തോക്കുകളും മിസൈലുകളും ,സമുദ്രത്തില്‍ കപ്പലുകളെ വളഞ്ഞുപിടിക്കുന്ന രീതി, യുദ്ധവിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും കടലിലെ സേവനം എന്നിവയും പരിശീലനത്തിന്റെ ഭാഗമായിരുന്നു. സമുദ്രപാത സുരക്ഷിതമാക്കുന്നതില്‍ ഇന്ത്യ എടുക്കുന്ന മുന്‍ഗണനയ്ക്ക് ഓസ്ട്രേലിയന്‍ നാവികസേനാ മേധാവി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.അമേരിക്ക,ജപ്പാന്‍,ഇന്ത്യ,ഓസ്ട്രേലിയ ക്വാഡ് സഖ്യ സേനകളുടെ മലബാര്‍ നാവിക ശക്തി പ്രകടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ 11 മുതല്‍ 14 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടത്താനുള്ള ഒരുക്കം പുരോഗതിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.