തങ്ക ധൂളിയും വജ്രപ്പൊടിയും കലര്‍ന്ന സൗന്ദര്യ സോപ്പ് ലബനനില്‍ നിന്ന് ;വില രണ്ടു ലക്ഷം രൂപ

തങ്ക ധൂളിയും വജ്രപ്പൊടിയും കലര്‍ന്ന സൗന്ദര്യ സോപ്പ് ലബനനില്‍ നിന്ന് ;വില രണ്ടു ലക്ഷം രൂപ


ദുബായ്: ലോകത്തിലെ ഏറ്റവും വിലയേറിയ സോപ്പ് നിര്‍മ്മിക്കുന്നത് ലെബനനില്‍ എന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. 2800 ഡോളറാണ് ഒരു സോപ്പിന്റെ വില. രണ്ടു ലക്ഷത്തിനു മേല്‍ രൂപ. യുഎഇയിലെ എക്സ്‌ക്ലൂസീവ് ഷോപ്പുകളില്‍ മാത്രം പരിമിതമായി ലഭിക്കുന്ന ഈ സവിശേഷ സോപ്പ് വിഐപികള്‍ക്കും പ്രത്യേക അതിഥികള്‍ക്കും മാത്രമാണ് മുന്‍കൂട്ടി ഓര്‍ഡര്‍ എടുത്ത് നല്‍കുന്നത്. വിലയേറിയ ഒരു ചീസ് കഷണം പോലെ തോന്നും കാഴ്ചയില്‍. സോപ്പ് സ്വീകരിക്കുന്ന ആളുടെ പേരും 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ സോപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

സ്വര്‍ണ്ണവും ഡയമണ്ടിന്റെ പൊടിയും സോപ്പില്‍ ഉപയോഗിക്കുന്നുവെന്നാണ് അവകാശവാദം. 24 കാരറ്റിലുള്ള 17ഗ്രാം ശുദ്ധമായ സ്വര്‍ണ്ണം, മൂന്ന് ഗ്രാം ഡയമണ്ട് പൗഡര്‍, ശുദ്ധമായ എണ്ണകളുടെ കൂട്ട്, ജൈവ തേന്‍, ഈന്തപ്പഴം, ഊദ് എന്നിവയാണത്രേ പ്രധാന ചേരുവകള്‍.ഒരു സോപ്പിന്റെ നിര്‍മ്മാണത്തിന് ആറ് മാസം സമയം എടുക്കുമെന്നാണ് പറയുന്നത്.ലെബനന്‍ തലസ്ഥാനമായ ട്രിപ്പോളിയിലുള്ള അസ്മാള്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് ഫാക്ടറിയിലാണ് നിര്‍മ്മാണം, മെഷീനുകള്‍ ഉപയോഗിക്കാതെ പൂര്‍ണ്ണമായും കൈകളാല്‍.


ഇത്തരത്തിലുള്ള പ്രീമിയം സോപ്പുകള്‍ 15 ാം നൂറ്റാണ്ട് മുതല്‍ തങ്ങളുടെ കുടുംബം നിര്‍മ്മിക്കുന്നുണ്ടെന്ന് അസ്മാള്‍ കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നു.നിലവില്‍ ബാദര്‍ ഹസന്‍ ആന്റ് സണ്‍സ് ആണ് ഖാന്‍ അല്‍ സബോന്‍ എന്ന ഈ സോപ്പ് നിര്‍മ്മിക്കുന്നത്. ലക്ഷ്വറി സോപ്പുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നിര്‍മ്മിക്കുന്നതില്‍ പ്രശസ്തരാണ് ബാദര്‍ ഹസന്‍ ആന്റ് സണ്‍സ്. പ്രകൃതിദത്തമായ സുഗന്ധവസ്തുക്കളും, വിലയേറിയ എണ്ണകളും ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം. എന്നാല്‍ ഇവ വ്യാപകമായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാറില്ല.

2013ലാണ് ഖത്തറിലെ പ്രഥമ വനിതയ്ക്ക് സമ്മാനിക്കുന്നതിന് വേണ്ടി ഖാന്‍ അല്‍ സബോന്‍ എന്ന സോപ്പ് ആദ്യമായി നിര്‍മ്മിക്കുന്നത്.ലോകത്തിലെ ഏറ്റവും വിലയേറിയ ഈ സോപ്പിനെ 2015ല്‍ ബിബിസി ആദ്യം ലോകത്തിനു പരിചയപ്പെടുത്തി. സ്വര്‍ണ്ണവും ഡയമണ്ടും ചേരുന്നതിനാലാണ് സോപ്പിന് ഇത്ര വില വരുന്നതെന്നും, എന്നാല്‍ ഇവയെല്ലാം ചേരുന്നതിനാല്‍ സോപ്പിന് പരുക്കന്‍ ഭാവം ഉണ്ടാകുമെന്നും ബിബിസിയുടെ ടോം സന്റോറെല്ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനി ഈ വാദങ്ങള്‍ തള്ളി. ചര്‍മ്മത്തിന് ഇവ യാതൊരു വിധ അസ്വസ്ഥതകളും ഉണ്ടാക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.