ലണ്ടന്‍:വാഹന ലോകത്തെ ആഢ്യത്വത്തിന്റെ അവസാന വാക്കായ റോള്‍സ് റോയിസ് പരമ്പരാഗത ശൈലികളുടെ മഹിമ വിടാതെ ശോഭിക്കുന്ന ഡോണ്‍ മുതല്‍ കള്ളിനന്‍ വരെയുള്ളവയുടെ നിരയിലേക്ക് അതുല്യതകള്‍ പലതുള്ള വൈദ്യുത കാറുമായെത്തുന്നു. ഇത്തിരി വൈകിയാണെങ്കിലും ഇലക്ട്രിക് വാഹന വിപണിയിലെ രംഗപ്രവേശം സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്് ആഡംബര വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയിസ്.
സ്പെക്ടര്‍ എന്നാകും റോള്‍സ് റോയിസിന്റെ ആദ്യ ഇലക്ട്രിക് വാഹന മോഡലിന്റെ പേര്.സ്പെക്ടര്‍ 2023 ല്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.ലോകമെമ്പാടും ഈ ഇലക്ട്രിക് വാഹനത്തിന്റെ കീര്‍ത്തിയെത്തിക്കാന്‍ തീവ്ര പരിശ്രമത്തിലാണ് റോള്‍സ് റോയിസ്. വാഹനം പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി 2.5 മില്യണ്‍ കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കും. റോള്‍സ് റോയിസിന്റെ മറ്റു മോഡലുകളായ ഡോണ്‍, ഗോസ്റ്റ്, റെയ്ത്, ഫാന്റം, കള്ളിനന്‍ എന്നീ വാഹനങ്ങളുടെ ഇലക്ട്രിക് പിന്‍ഗാമിയാവാനാണ് സ്പെക്ടര്‍ തയ്യാറെടുക്കുന്നത്.2030ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് മാറാനാകും എന്ന്് നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു.

കുറച്ചു നാളുകളായി റോള്‍സ് റോയിസ് ഇലക്ട്രിക് പവര്‍ട്രെയിനിന്റെ പരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി 2011ല്‍ പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമതയുള്ള 102 ഇഎക്സ് ഓള്‍-ഇലക്ട്രിക് ഫാന്റം പ്രകാശനം ചെയ്തു. ഇതിനു പിന്നാലെ 2016ല്‍ 103ഇഎക്സും.നമ്മുടെ ചിന്തയ്ക്കും, കാഴ്ചക്കും അപ്പുറമുള്ള അമാനുഷികമായ ശക്തിയുള്ള വസ്തു എന്നാണ് സ്പെക്ടര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. റോള്‍സ് റോയിസിന്റെ ഈ ഇലക്ട്രിക് വാഹനം അത്തരത്തില്‍ ശക്തിയേറിയ ഒന്നായി മാറുമെന്നാണ് നിര്‍മ്മാതാക്കള്‍ ഉറപ്പു തരുന്നത്.
'1904 മെയ് 4നാണ് റോള്‍സ് റോയിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട്ട 117 വര്‍ഷങ്ങളില്‍ ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പല മാറ്റങ്ങളും വാഹനങ്ങള്‍ക്കു വരുത്തി. ഇപ്പോഴിതാ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് പ്രവേശിക്കുന്നു. ചരിത്ര നിമിഷമാണിത്.ഏറെ അഭിമാനം തോന്നുന്നു. ഇത് മിഥ്യയല്ല, യാഥാര്‍ത്ഥ്യമാണ്' റോള്‍സ് റോയിസ് മോട്ടോര്‍ കാര്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോര്‍സ്റ്റന്‍ മുള്ളര്‍ എറ്റ്വാസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.